സൗത്ത് കൊടുവള്ളിയില്‍ ബൈക്കിന് തീടിച്ച് വെന്തുമരിച്ച രണ്ടുപേരേയും തിരിച്ചറിഞ്ഞു

കോഴിക്കോട്- വയനാട് ദേശീയ പാതയില്‍  സൗത്ത് കൊടുവള്ളിയില്‍ ബൈക്കിന് തീപിടിച്ച്   വെന്തുമരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞു. ബാലുശ്ശേരി കിനാലൂര്‍ സ്വദേശി ജാസിര്‍, കണ്ണാടി പൊയില്‍ അഭിനന്ദ് എന്നിവരാണ് മരിച്ചത്. 

പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം. ഫയര്‍ഫോഴ്‌സും പോലീസും സമീപവാസികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. 

വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതികളാണ് മരിച്ച ഇരുവരുമെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ മോഷണ കേസില്‍ പ്രതിയായി റിമാന്‍ഡില്‍ ഉള്ളയാളുടെ ബൈക്ക് ആണ് ഇവര്‍ ഉപയോഗിച്ചത്. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. സ്ഥലത്ത് നിന്നു രണ്ടു ഫോണുകള്‍ കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് കത്തുകയും പെട്രോള്‍ ടാങ്ക് പൊട്ടുകയും ചെയ്തു.

മൂന്ന് മോഷണക്കേസുകളില്‍ ജാസിറും  ആറ് കേസുകളില്‍ അഭിനന്ദും പ്രതികളാണ്. 
ഇവര്‍ ഉപയോഗിച്ച ബൈക്ക് കോഴിക്കോട് ടൗണ്‍ സ്റ്റേഷന് സമീപത്തെ മോഷണ കേസില്‍ ജയിലില്‍ കഴിയുന്ന അര്‍ഷാദിന്റേതാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.

Latest News