കല്‍പ്പറ്റ - വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് സര്‍വകലാശാല ഡീന്‍ എം.കെ നാരായണന്‍ രംഗത്ത്. സിദ്ധാര്‍ത്ഥിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും, ഉടന്‍ തന്നെ താന്‍ ഹോസ്റ്റലിലെത്തി സിദ്ധാര്‍ത്ഥിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ത്ഥിന്റെ മരണവിവരം ഉടന്‍ തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. ഹോസ്റ്റലില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് അസിസ്റ്റന്റ് വാര്‍ഡന്‍ നല്‍കിയതെന്നും പ്രശ്‌നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും ഡീന്‍ പറഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ലെന്നും, സര്‍വകലാശാലക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എം.കെ നാരായണന്‍ കൂട്ടിചേര്‍ത്തു.
'ഫെബ്രുവരി 18 നാണ് സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തത്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡന്‍ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്ന് വിളിച്ചുപറഞ്ഞാണ് ആത്മഹത്യാ ശ്രമം നടന്നെന്ന് അറിഞ്ഞത്. പത്ത് മിനിട്ടില്‍ താന്‍ അവിടെയെത്തി. കുട്ടികള്‍ പൊലീസിനെയും ആംബുലന്‍സിനെയും അറിയിച്ച് കാത്തിരിക്കുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അവര്‍ മുറിയില്‍ കയറിയതെന്ന് പറഞ്ഞു. ജീവനുണ്ടെങ്കില്‍ രക്ഷിക്കണം എന്ന് കരുതിയാണ് ആംബുലന്‍സ് എത്തിയ ഉടന്‍ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്'-എം.കെ നാരായണന്‍ പറഞ്ഞു.
'ഡീന്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ കൂടിയാണ്. എന്നാല്‍ വാര്‍ഡന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. അവിടെ താമസിക്കേണ്ടത് റസിഡന്റ് ട്യൂറ്ററാണ്. വാര്‍ഡന്‍ ഹോസ്റ്റലിന്റെ ദൈനം ദിന കാര്യങ്ങളില്‍ ഇടപെടുന്നയാളല്ല. തന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ മറ്റ് നടപടികളും പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതുമായ ഔദ്യോഗികനടപടികള്‍ നോക്കേണ്ടത് ഡീന്‍ ആണ്. അക്കാര്യങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുണ്ട്. ഹോസ്റ്റലുമായി നേരിട്ട് ബന്ധമില്ല, ഡീനിന്റ പണി സെക്യൂരിറ്റി സര്‍വീസ് അല്ല'- എം.കെ. നാരായണ്‍ പറഞ്ഞു