കല്‍പറ്റ-പൂക്കോട് വെറ്ററിനറി കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഒതുക്കാന്‍ തുടക്കം മുതല്‍ സി.പി.എം ശ്രമിക്കുന്നതായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാന കവാട പരിസരത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം സംസ്ഥാന സമിതിയംഗവും മുന്‍ എം.എല്‍.എയുമായ സി.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയെ ഭീഷണിപ്പെടുത്തുകയുണ്ടായി. പ്രതികളെ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിന്റെ മുറിയില്‍ തള്ളിക്കയറാനും ശശീന്ദ്രന്‍ ശ്രമിച്ചു. ഇത് കേസ് തേച്ചുമായ്്ക്കാനുള്ള സി.പി.എം പദ്ധതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എസ്.എഫ്.ഐയെ കൊലയാളി സംഘമാക്കി മാറ്റിയിരിക്കയാണ് സി.പി.എം നേതൃത്വം. സംസ്ഥാനത്തെ എല്ലാ കലാലയങ്ങളിലും എസ്.എഫ്.ഐക്ക് ഇടിമുറിയുണ്ട്. മറ്റൊരു വിദ്യാര്‍ഥി സംഘടനയ്ക്കും കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലാണ് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനം. അടിച്ചമര്‍ത്തല്‍ സമീപനമാണ് ഈ സംഘടനയിലുള്ളവര്‍ സ്വീകരിക്കുന്നത്. എല്ലാ കലാലയങ്ങളിലും എസ്.എഫ്.ഐയ്ക്ക് പരിശീലനം സിദ്ധിച്ച ഗുണ്ടാസംഘങ്ങളുണ്ട്. ബി.എ അടക്കം കോഴ്‌സുകളില്‍ വീണ്ടും വീണ്ടും പഠിച്ചാണ് ഇവര്‍ ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത്. എസ്.എഫ്.ഐയില്‍ ചേര്‍ന്നില്ല എന്നതാണ് സിദ്ധാര്‍ത്ഥന്‍ ചെയ്ത തെറ്റ്. വീട്ടിലേക്കു പുറപ്പെട്ട യുവാവിനെ തിരിലെ കാമ്പസില്‍ എത്തിച്ചാണ് എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. പൈശാചിക കൃത്യത്തിനു നേതൃത്വം കൊടുത്തവര്‍ സിദ്ധാര്‍ത്ഥനു ദാഹജലം പോലും നിഷേധിച്ചെന്നാണ് അറിയുന്നത്. കേസ് മൂടിവെക്കാനാണ് വൈത്തിരി പോലീസ് ആദ്യം ശ്രമിച്ചത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവുമായ ചെന്നിത്തല ആവശ്യപ്പെട്ടു.