Sorry, you need to enable JavaScript to visit this website.

കാട്ടാന ആക്രമണത്തിന്‍ മരിച്ച പോളിന്റെ വീട് മന്ത്രി ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചു

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ സന്ദര്‍ശിക്കുന്നു.

പുല്‍പള്ളി-കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ വീട് ഗതാഗതമന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ സന്ദര്‍ശിച്ചു. പോളിന്റെ കുടുംബാഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു. പോളിന്റെ ഭാര്യക്ക് വാഗ്ദാനം ചെയ്ത ജോലി വനം ഇതര വകുപ്പില്‍ ലഭ്യമാക്കുന്നതിനും ടൗണില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുന്നതിനും ഇടപെടണമെന്ന്് കുടുംബാംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ശനിയാഴ്ച  ഉച്ചയോടെയാണ് പോളിന്റെ  വീട്ടില്‍ മന്ത്രി എത്തിയത്. കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ വിദ്യാര്‍ഥി പാക്കം കാരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്തിനെയും മന്ത്രി സന്ദര്‍ശിച്ചു. സി.പി.എം നേതാക്കളായ എം.എസ്.സുരേഷ് ബാബു, എ.വി.ജയന്‍, പി.വി.മുഹമ്മദ് എന്നിവരും ഫാ.കുര്യക്കോസ് വെള്ളച്ചാലിലും കൂടെ ഉണ്ടായിരുന്നു.
ജില്ലയിലെ  വന്യമൃഗശല്യത്തെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നു മന്ത്രി പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് ശക്തമായ നടപടികള്‍ ഉണ്ടാകും. ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് വന്യമൃഗങ്ങളുടെ കാടിറക്കം തടയുന്നതിനുള്ള നടപടികളില്‍ പ്രധാനം. മൃഗങ്ങള്‍ക്കാവശ്യമായ വെള്ളവും തീറ്റയും കാട്ടില്‍ ലഭിക്കണം. ഇതിനു പദ്ധതി പ്രാവര്‍ത്തികമാക്കും. മുഖ്യമന്ത്രി വൈകാതെ വയനാട് സന്ദര്‍ശിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 

Latest News