Sorry, you need to enable JavaScript to visit this website.

പോത്തന്നൂരിലെ കവര്‍ച്ച;  എല്ലാ പ്രതികളും അറസ്റ്റില്‍

പൊന്നാനി- പോത്തനൂരില്‍ വാഹനത്തില്‍ ലോഡ് കയറ്റുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിന്റെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച് പരിക്കേല്‍പിച്ച് ഒന്നരപവന്റെ സ്വര്‍ണമാലയും ബൈക്കിന്റെ ഹെല്‍മറ്റുകളും കവര്‍ച്ച ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞ മുഴുവന്‍ പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊന്നാനി എസ്ബി ഓഡിറ്റോറിയത്തിന് പുറകില്‍ താമസിക്കുന്ന കിഴക്കെയില്‍ മുഹമ്മദ് അനസ്, പൊന്നാനി വണ്ടിപ്പേട്ടയില്‍ താമസിക്കുന്ന പുതുപൊന്നാനിക്കാരന്റെ വീട്ടില്‍ സെക്കീര്‍, പൊന്നാനി മുക്കാടി സ്വദേശി ചെറുനാമ്പി വീട്ടില്‍ മുഹമ്മദ് സാബിത്ത്, പുറങ്ങ് സ്വദേശി  ചക്കലായില്‍ മുഹമ്മദ് ഹാഷിഖ് അലി, പൊന്നാനി ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന തറീക്കാനകത്ത് മുഹമ്മദ് അല്‍ത്താഫ്, പടിഞ്ഞാറങ്ങാടി പൗറാക്കാനകത്ത്
മുഹമ്മദ് അസ്ലം എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ 2 മുതല്‍ 7 വരെയുള്ള പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടിയിരുന്നു. ഒളിവില്‍ കഴിയുകയായിരുന്ന ഒന്നാം പ്രതി മുഹമ്മദ് അനസിനെ കഴിഞ്ഞ ദിവസം പൊന്നാനി എസ്. ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ചെന്നൈയിലെത്തിയാണ് സാഹസികമായി പിടികൂടിയത്. 

2023 ഡിസംബര്‍ 8ന് വൈകിട്ട് 5.45നാണ് കേസിന് ആസ്പദമായ സംഭവം. പ്രദേശത്തെ പ്രധാന ലഹരി സംഘങ്ങളായ പ്രതികള്‍ ഹെല്‍മറ്റും കല്ലുകളും ഉപയോഗിച്ചാണ് അക്രമം നടത്തിയത്. ശേഷം ഇവരുടെ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണമാലയും ബൈക്കിലെ ഹെല്‍മറ്റുകളും കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. 

പൊന്നാനി പോലീസിന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പിടിയിലായ പ്രതികളെ  പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News