Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

മലപ്പുറം - മലപ്പുറത്ത് വൈറല്‍ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതൊടെ ജില്ലയില്‍ ഒരു മാസത്തിനിടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡി എം ഒ ആര്‍ രേണുക പറഞ്ഞത്. രണ്ടാം ദിവസമാണ് ഒരു മരണം കൂടെ ഉണ്ടായത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അറിയിപ്പുണ്ട്.. രണ്ട് മാസത്തിനുള്ളില്‍ രോഗ ബാധിതരായത് 152 പേരാണ്. വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. വയറിളക്ക രോഗങ്ങള്‍ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നു.  നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ ലഭിക്കാതിരുന്നാല്‍ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകും. കുട്ടികളെ പ്രത്യേകിച്ചും ശ്രദ്ധിക്കേണ്ടതാണ്.

Latest News