Sorry, you need to enable JavaScript to visit this website.

സിദ്ധാര്‍ഥന്റെ മരണം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരള കോണ്‍ഗ്രസ്- ജേക്കബ്

കല്‍പറ്റ- പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഹോസ്റ്റിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള കോണ്‍ഗ്രസ്- ജേക്കബ് സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം. സി. സെബാസ്റ്റ്യന്‍, ജില്ലാ പ്രസിഡന്റ് പി. പ്രഭാകരന്‍ നായര്‍, സെക്രട്ടറി ബൈജു ഐസക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമായ മര്‍ദനത്തില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥനെ കെട്ടിത്തൂക്കുകയായിരുന്നുവെന്ന ആരോപണം രക്ഷിതാക്കള്‍ ഉന്നയിക്കുന്നുണ്ട്. സിദ്ധാര്‍ഥന്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന സംശയം പൊതുസമൂഹത്തിലും ശക്തമാണ്. കാമ്പസിലും ഹോസ്റ്റലിലും സിദ്ധാര്‍ഥന്‍ ശാരീരിക, മാനസിക പീഡനത്തിനു വിധേയനായിരുന്നു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്ന കോളേജ് ഡീനിന്റെ വാദം പരിഹാസ്യമാണ്. ഡീന്‍ കൃത്യമായി ഇടപെട്ടിരുന്നുവെങ്കില്‍ സിദ്ധാര്‍ഥനു ദുര്‍ഗതി ഉണ്ടാകുമായിരുന്നില്ല. 

മരണശേഷം അദ്ദേഹത്തിനെതിരെ വിദ്യാര്‍ഥിനി പരാതി നല്‍കിയത് കേസ് ദുര്‍ബലപ്പെടുത്തുന്നതിനാണെന്നു സംശയിക്കണം. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും വെളിച്ചത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണമാണ് ഉത്തമം. ഇതിനു പാര്‍ട്ടി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കും.

കോളേജ് ഡീനിനെ പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രതീകാത്മകമായി കുറ്റവിചാരണ ചെയ്യും. അഞ്ചിന് രാവിലെ 11ന് വെറ്ററിനറി സര്‍വകലാശാലാ കവാടത്തിലാണ് കുറ്റവിചാരണ നടത്തുക. ഡീനിന്റെ കോലം പാര്‍ട്ടി പ്രവര്‍ത്തകര്‍ കത്തിക്കും. സിദ്ധാര്‍ഥന്റെ മാതാപിതാക്കളെ പാര്‍ട്ടി പ്രതിനിധികള്‍ സന്ദര്‍ശിക്കും. നീതിക്കുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടത്തിന് ഐക്യദാര്‍ഢ്യം അറിയിക്കും. സിദ്ധാര്‍ഥന്റെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു കോടി രൂപ സമാശ്വാസധനം നല്‍കണമെന്നും പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest News