Sorry, you need to enable JavaScript to visit this website.

ഭിന്നശേഷിക്കാരനായ മകന്റെ മരണ കാരണം തേടി മാതാപിതാക്കളുടെ യാത്ര

വടകര - ഏക മകന്റെ വിയോഗം സഹിക്കവയ്യാതെ അച്ഛനും അമ്മയും വടകരയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി. 27 കാരനായ ഭിന്നശേഷിക്കാരനായ മകന്‍ ആദര്‍ശ് എങ്ങനെയാണ് മരിച്ചതെന്ന് നാദാപുരംറോഡിലെ കാരയാട്ട് പത്മനാഭനും അനിതയും ചോദിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഇവര്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ തേങ്ങി.
 വടകരയിലെ സ്വകാര്യ റിഹാബിലിറ്റേഷന്‍ സെന്ററില്‍ താമസിച്ച് പഠിക്കുകയായിരുന്ന ആദര്‍ശ് കഴിഞ്ഞ മെയ് മാസത്തിലാണ് മരണമടയുന്നത്. മാസങ്ങള്‍ പിന്നിട്ട ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവ പരിശോധനാ ഫലവും കിട്ടിയപ്പോള്‍ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്.  മദ്യത്തിന്റെ അംശം ഉണ്ടെന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെങ്ങിനെ സംഭവിച്ചെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചെന്നാണ് അച്ഛനും അമ്മയും ബന്ധുക്കളും ചോദിക്കുന്നത്.
മടപ്പള്ളി കോളജിലെ ഡിഗ്രി പഠനത്തിനു ശേഷമാണ് ഭിന്നശേഷിക്കാര്‍ക്കു പരിശീലനം നല്‍കുന്ന ഈ കേന്ദ്രത്തില്‍ ആദര്‍ശിനെ ചേര്‍ത്തത്. 22 പേര്‍ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്. 2023 മെയ് 18നാണ് ആദര്‍ശ് മരണമടയുന്നത്. അന്ന് രാത്രി ഏതാണ്ട് എട്ടു മണിയോടെ സ്ഥാപനഅധികൃതര്‍ പിതാവിനെ വിളിച്ച് സ്വകാര്യ ആശുപത്രിയില്‍ എത്താന്‍ പറയുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് മകന്‍ മരണപ്പെട്ടതായി അറിയുന്നത്. എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ലെന്ന് അവര്‍ പറയുന്നു.
അന്ന് വൈകുന്നേരം അമ്മ അനിതയും മകനും പതിവുപോലെ ഫോണില്‍ സംസാരിച്ചിരുന്നു. പിന്നീട് രണ്ടര മണിക്കൂറിനുള്ളില്‍ എന്തു സംഭവിച്ചെന്ന് വ്യക്തമല്ലെന്ന് അച്ഛനും അമ്മയും പറയുന്നു. റൂമില്‍ കുഴഞ്ഞു വീണ ആദര്‍ശിനെ ആശുപത്രിയില്‍ എത്തിച്ചെന്നും പിന്നാലെ മരിച്ചെന്നുമാണ് സ്ഥാപന നടത്തിപ്പുകാര്‍ ഇവരോട് പറഞ്ഞത്.
ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴായി പോലീസ് സഹായം തേടിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ബ്രോങ്കോ ന്യുമോണിയ ബാധിച്ച് മരിച്ചെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ പരിശോധനക്ക് അയച്ചതിന്റെ ഫലം മാസങ്ങള്‍ക്ക് ശേഷമാണ് ലഭിച്ചത്. ഇതിലാണ് മദ്യത്തിന്റെ അംശം ആദര്‍ശിന്റെ ശരീരത്തിലുണ്ടായിരുന്നെന്ന് പറയുന്നത്. റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ താമസിച്ച് പഠിക്കുന്ന ആദര്‍ശ് പുറത്തുപോകാറില്ല. പിന്നെങ്ങനെ മദ്യം എത്തി എന്നാണ് അച്ഛനും അമ്മയും ചോദിക്കുന്നത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെയോ അധ്യാപകരെയോ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറായില്ലെന്ന് ഇവര്‍ പറയുന്നു. ഈയിടെ റൂറല്‍ എസ്പിക്കു പരാതി കൊടുത്തെങ്കിലും അന്വേഷണം അവസാനിപ്പിക്കുന്നതിനെ കുറിച്ചാണ് പോലീസ് പത്മനാഭനെ അറിയിച്ചത്. മകന് എന്ത് സംഭവിച്ചെന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇവര്‍ക്കു ലഭിക്കുന്നില്ല. നീതി തേടി മുന്നോട്ടുപോകാന്‍ തന്നെയാണ് ഈ അച്ഛന്റെയും അമ്മയുടെയും തീരുമാനം. ജില്ലാ കലക്ടര്‍,ആര്‍. ഡി. ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കിയിട്ടുണ്ട്

 

Latest News