കോഴിക്കോട്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലടക്കം ലോക വിപണിയിലെ ഇന്ത്യയുടെ ആഗോള സാധ്യതകളെ ഇന്ത്യക്കാര്‍ ഇനിയും ഏറെ തിരിച്ചറിയാനുണ്ടെന്ന് പ്രൊഫ. ഹുദാ അല്‍ഖാസിമി.
കോഴിക്കോട് രണ്ടു ദിവസമായി നടന്നു വരുന്ന കെ.ടി.എക്‌സ് കേരള ടെക്‌നോളജി എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വേള്‍ഡ് എക്കണോമിക്ക് ഫോറത്തിന്റെ കീഴിലുള്ള ഫ്യൂച്ചര്‍ കൗണ്‍സില്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി കോ ചെയര്‍, എമിറേറ്റ് ഡിജിറ്റല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ എന്നിവയുടെ സാരഥിയാണ് പ്രഫ. ഹുദാ .
എ.ഐ മേഖലയില്‍ ഇപ്പോള്‍ അമേരിക്കയെക്കാള്‍ മുന്നേറുന്നത് ചൈനയാണ്. എന്നാല്‍ ഈ രംഗത്ത് അപാരമായ മാനുഷിക വിഭവ ശേഷി കൊണ്ട് ഇന്ത്യക്ക് ഏറെ മുന്നേറാന്‍ സാധിക്കും. ലോകത്തെ മറ്റു പല രാജ്യങ്ങള്‍ക്കുമില്ലാത്ത സുഗന്ധ വ്യജ്ഞനങ്ങളും ആയുര്‍ വേദവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടമാണ് ഇന്ത്യയെന്നത് ഇന്ത്യക്കാര്‍ക്കാണ് കൂടുതല്‍ പ്രചോദനം നല്‍കേണ്ടതെന്ന് അവര്‍ പറഞ്ഞു.
ചടങ്ങില്‍ രേഖാ ജോയ് സംസാരിച്ചു. നമ്മുടെ വിപണി ആവശ്യപ്പെടുന്ന വാണിജ്യ സാധ്യതകളെ ഏറെയൊന്നും ഉപയോഗപ്പെടുത്താന്‍ ഇപ്പോഴും ഇന്ത്യന്‍ വ്യവസായ സംരംഭകര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ഗെയ്ഡ് വെയര്‍ എം. ഡി മുഹമ്മദ് അന്‍സി പറഞ്ഞു.
പ്രത്യേകിച്ച് ഇടത്തരം നഗരങ്ങളില്‍ ഏറെ അവസരങ്ങളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കളുടെ മാറി മാറി വരുന്ന താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാറുവാന്‍ സംരംഭകര്‍ക്ക് സാധിക്കണമെന്ന് വിന്‍ക്ലൂ ഗ്രൂപ്പ് സി.ഇ. ഒ വെങ്കിട്ട രമണ റാവു പറഞ്ഞു.
ഈയിടെ നാംസ്‌കോമിന്റെ നാഷണല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളി കൂടിയായ രാജേഷ് നമ്പ്യാര്‍ അടക്കം അനേകം വിശിഷ്ട വ്യക്തിത്വങ്ങള്‍ മൂന്നു സ്‌റ്റേജുകളിലായി നടക്കുന്ന വിവിധ സെഷനുകളില്‍ അതിഥിയായി എത്തുന്നുണ്ട്.