- കോണ്‍ഗ്രസ് മാര്‍ച്ച് ശനിയാഴ്ച, രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും
കല്‍പറ്റ - കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലാ ആസ്ഥാന കവാടത്തില്‍ പ്രക്ഷോഭത്തിരയേറ്റം. പൂക്കോട് വെറ്ററിനറി കോളേജ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യക്കു കാരണക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകളാണ് സമര രംഗത്ത്. സര്‍വകലാശാലാ കവാടത്തോടുചേര്‍ന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തുന്ന റിലേ നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസിന്റെ നേതൃത്വത്തിലാണ് സമരം. എ.ബി.വി.പിയുടെ 24 മണിക്കൂര്‍ ഉപവാസം വെള്ളിയാഴ്ച വൈകുന്നേരം സമാപിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അമല്‍ മനോജ്, വയനാട് ജില്ലാ സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പൂക്കോട് വെറ്ററിനറി കോളേജ് ഡീനിന്റെ കാര്യാലയത്തിലേക്ക് നടത്തിയ മാര്‍ച്ച് കവാട പരസരത്ത് പോലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് അമല്‍ ജോയി, നേതാക്കളായ അരുണ്‍ ദേവ്, ലയണല്‍ മാത്യു, ലിനീഷ്, ഡിന്റോ ജോസ്, ഹര്‍ഷല്‍ കോന്നാടന്‍, മുത്തലിബ് പഞ്ചാര, അനീഷ് റാട്ടക്കുണ്ട്, സുകന്യ ഹാഷിം, ജിനു കോളിയാടി എന്നിവര്‍ നേതൃത്വം നല്‍കി.
ബി.ജെ.പി മണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച പൂക്കോട് വെറ്ററിനറി കോളേജ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡീനിനെയും പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മാര്‍ച്ച് സര്‍വകലാശാലാ കവാട പരിസരത്ത് പോലീസ് തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനു കാരണമായി. പാര്‍ട്ടി ഉത്തരമേഖലാ പ്രസിഡന്റ് ടി.പി.ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷാജിമോന്‍ ചൂരല്‍മല അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍കുമാര്‍, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍, പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.സദാനന്ദന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍, പി.ജി.ആനന്ദ്കുമാര്‍, സിന്ധു ഐരവീട്ടില്‍, എം.ബി.ഋഷികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ദിവസം എം.എസ്.എഫ് ജില്ലാ കമ്മിറ്റി പൂക്കോട് കോളേജ് മാര്‍ച്ചും ധര്‍ണയും നടത്തി.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച സര്‍വകലാശാലാ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തും. ദേശീയപാതയില്‍നിന്നു പൂക്കോട് തടാകത്തിലേക്കുള്ള റോഡ് പരിസരത്ത് രാവിലെ 10ന് മാര്‍ച്ച് ആരംഭിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പോലീസിനെ ഉപയോഗിച്ച്
തേച്ചുമായ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ആരോപിച്ചു. കേസ് അന്വേഷണത്തിനു പുതിയ സംഘത്തെ നിയോഗിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.