Sorry, you need to enable JavaScript to visit this website.

മുഖം രക്ഷിക്കാനാകാതെ പൂക്കോട് വെറ്ററിനറി കോളേജ് അധികൃതര്‍

കല്‍പറ്റ-ബി.വി.എസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തിനും അധിക്ഷേപത്തിനും ഇരയായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖം രക്ഷിക്കാനാകാതെ പൂക്കോട് വെറ്ററിനറി കോളേജ് അധികൃതര്‍. വിദ്യാര്‍ഥിയുടെ മരണം ഗൗരവത്തിലെടുക്കുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതിലും കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിനു മറുപടി പറയാന്‍ കഴിയാത്ത ദയനീയാവസ്ഥയിലാണ് സ്ഥാപന മേധാവികള്‍. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സ്ഥാപന മേധാവിയെയും  പ്രതി ചേര്‍ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ ഉയരുന്നുന്നുണ്ട്.


ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ ആവര്‍ത്തിച്ചുള്ള മര്‍ദനത്തിനും ഹോസ്റ്റല്‍ അന്തേവാസികളുടെ സാന്നിധ്യത്തില്‍ നടത്തിയ അധിക്ഷേപത്തിനും സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന് അറിയാമായിരുന്നിട്ടും മരണം വിവാദമായതിനുശേഷമാണ് കോളേജ് അധികൃതര്‍ നടപടികളിലേക്ക് കടന്നത്. 22നാണ് 12 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ പ്രതികളായി അറസ്റ്റുചെയ്യപ്പെട്ടശേഷമായിരുന്നു ആറ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.  പഠിതാക്കളില്‍ ചിലരുടെ അഴിഞ്ഞാട്ടത്തിന് കോളേജ് അധികൃതര്‍ കുടചൂടുന്നതാണ് കാമ്പസിനെ അനിഷ്ട സംഭവങ്ങള്‍ക്ക് വേദിയാക്കുന്നതെന്ന ആരോപണവും ഡീന്‍ ഉള്‍പ്പെടെയുള്ളവരെ പൊള്ളിക്കുകയാണ്. ആരോപണങ്ങളുടെ ശരശയ്യയിലാണ് സര്‍വകലാശാല അധികൃതരും.

Latest News