Sorry, you need to enable JavaScript to visit this website.

മണല്‍ കയറ്റിയ വാഹനമിടിച്ച് എസ്. ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും

കാസര്‍കോട്- മണല്‍ കയറ്റി വന്ന വാഹനമിടിച്ച് എസ്. ഐയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് കോടതി 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പൂച്ചക്കാട് റഹ്‌മത്ത് റോഡ് ബിസ്മില്ല മന്‍സിലില്‍ പി. അബ്ദുല്‍ ജലീലിനെ(39)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്‌കോടതി (മൂന്ന്) ജഡ്ജ് എ. വി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 15 മാസം അധികതടവ് അനുഭവിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

2014 ഫെബ്രുവരി രണ്ടിന് രാത്രി കല്ലിങ്കാലില്‍ പുഴ മണല്‍ കയറ്റി വരികയായിരുന്ന പിക്കപ്പ് വാന്‍ അന്നത്തെ ബേക്കല്‍ എസ്. ഐ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാന്‍ നിര്‍ത്താതെ എസ്. ഐക്ക് നേരെ ഓടിച്ചുവരികയായിരുന്നു. ഒഴിഞ്ഞുമാറിയതിനാലാണ് രക്ഷപ്പെട്ടത്. വാന്‍ ഓടിച്ചിരുന്ന അബ്ദുല്‍ ജലീലിനെതിരെ എസ്. ഐയെ വിധിക്കാന്‍ ശ്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനുമാണ് പൊലീസ് കേസെടുത്തത്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന പി. കെ സുധാകരന്‍, ടി. പി സുമേഷ് എന്നിവരാണ് ഈ കേസില്‍ ആദ്യം അന്വേഷണം നടത്തിയത്. പിന്നീട് ചുമതലയേറ്റ ഇന്‍സ്‌പെക്ടര്‍ യു. പ്രേമനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടര്‍മാരായ കെ. ബാലകൃഷ്ണന്‍, ജി. ചന്ദ്രമോഹന്‍ എന്നിവര്‍ ഹാജരായി.

Latest News