കണ്ണൂര്‍- ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)യുടെ പേരില്‍ പയ്യന്നൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ സൈബര്‍ തട്ടിപ്പു സംഘത്തിന്റെ ശ്രമം. പയ്യന്നൂരിലെ അല്‍ അമീന്‍ സര്‍ജിക്കല്‍ ഉടമ ഗഫൂറിനെയാണ് ട്രായ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.
ഹിന്ദിയിലും ഇംഗ്ലീഷിലും സംസാരിച്ച ആള്‍ ട്രായ് ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ ഫോണ്‍ നമ്പറില്‍ ഡ്യൂപ്ലിക്കേറ്റ് നമ്പറുകള്‍ നിലവിലുണ്ടെന്നും ഇതിനെതിരെ മുംബൈ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നുമായിരുന്നു വിളിച്ച് അറിയിച്ചത്. ആദ്യം ആശങ്ക ഉണ്ടായെങ്കിലും സംശയം തോന്നിയതോടെ സിം കാര്‍ഡ് ഫോണിന്റെ ഉടമയുടെ മകനാണെന്നും അപരിചിതമായ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണും ഭാഷ അറിയില്ലെന്നും പറഞ്ഞതോടെ വിരുതന്‍ മലയാളത്തില്‍ സംസാരിക്കുകയായിരുന്നു.
എങ്കില്‍ നിങ്ങള്‍ പിതാവുമൊത്ത് വീഡിയോ കോളില്‍ വരണമെന്ന നിര്‍ദ്ദേശമാണുണ്ടായത്. പിതാവ് സ്ഥലത്തില്ലെന്നും വരാന്‍ താമസിക്കുമെന്നും പറഞ്ഞതോടെ എന്നാല്‍ മുംബൈ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ കണക്ട് ചെയ്യാമെന്നും വീഡിയോ കോളില്‍ വരണമെന്നും നിര്‍ബന്ധിക്കുകയായിരുന്നു.
തട്ടിപ്പ് സംഘം ഫോണ്‍ മറ്റെങ്ങോട്ടോ കണക്ട് ചെയ്ത ശേഷം വിവരമന്വേഷിച്ചു എന്ന വ്യാജേന ട്രായില്‍നിന്നെത്തിയ വിളിയുടെ വിവരമനുസരിച്ച് നിങ്ങളുടെ എല്ലാ സിം കാര്‍ഡുകളും ഇപ്പോള്‍ത്തന്നെ കട്ടാകുമെന്നായിരുന്നു മറുപടിയെന്ന് അറിയിക്കുകയായിരുന്നു.
ആശങ്ക നീക്കാന്‍ വ്യാപാരി പരിചയത്തിലുള്ള പയ്യന്നൂരിലെ ബി. എസ്. എന്‍. എല്‍ ഉദ്യോഗസ്ഥനോട് ഇക്കാര്യം വിളിച്ചറിയിച്ചപ്പോഴാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സൈബര്‍ തട്ടിപ്പിന്റെ മറ്റൊരു രൂപമാണ് ഇതെന്നും വീഡിയോ കോള്‍ ചെയ്തിരുന്നെങ്കില്‍ ബാങ്ക് അക്കൗണ്ടു വിവരങ്ങള്‍ വരെ നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകു മായിരുന്നെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.