Sorry, you need to enable JavaScript to visit this website.

ഭക്ഷ്യ ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ റെയ്ഡ്‌കോ നേരിട്ട് വീടുകളിലെത്തിക്കുന്നു

കണ്ണൂര്‍- ഭക്ഷ്യ ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ നേരിട്ട് വീടുകളില്‍ എത്തിക്കാനുള്ള പദ്ധതിയുമായി സഹകരണ സ്ഥാപനമായ റെയ്ഡ്കോ. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് മാവിലായി കറി പൗഡര്‍ ഫാക്ടറി അങ്കണത്തില്‍ എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ എം. എല്‍. എ നിര്‍വഹിക്കുമെന്ന് ചെയര്‍മാന്‍ എം. സുരേന്ദ്രന്‍
വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
       
മായമില്ലാത്തതും ഗുണമേന്മയുള്ളതുമായ ഭക്ഷ്യ ഉത്പന്നങ്ങള്‍ കേരളത്തിലെ എല്ലാ വീടുകളിലും എത്തിക്കുകയുമാണ് ലക്ഷ്യം. ഇതിലൂടെ 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകും.

പെരളശ്ശേരി ഗ്രാമപഞ്ചായത്തിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പിന്നീട് ജില്ല മുഴുവനും സംസ്ഥാനതലത്തിലും വ്യാപിപ്പിക്കും. 
                  
ചാലോട് ഇരിക്കൂര്‍ റോഡില്‍ റെയ്ഡ്കോ സഹകരണ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മാര്‍ച്ച് ആറിന് നിയമസഭാ സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വഹിക്കും. മരുന്നുകള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ ക്ലിനിക്കുകളുടെ സേവനവും മരുന്നുകളും ഇവിടെ ലഭ്യമാക്കും.

കണ്ണോത്തുംചാല്‍ യൂണിറ്റില്‍ പുതുതായി ആരംഭിക്കുന്ന അഗ്രോ സര്‍വീസ് സെന്ററിന്റെ ഉദ്ഘാടനം മാര്‍ച്ച് 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് നിര്‍വഹിക്കും. 

റെയ്ഡ്കോ ഫെസിലിറ്റി സെന്റര്‍, കാര്‍ഷിക - ഭൂവികസന യന്ത്രോപകരണങ്ങളുടെ പ്രദര്‍ശനം, റിപ്പയറിംഗ്, മെയിന്റനന്‍സ് വിപണനം, നഴ്‌സറി ഇനങ്ങള്‍, പ്രസിഷന്‍ ഫാമിംഗ്, ഹൈടെക്ക് കൃഷി സംവിധാനങ്ങള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, നാട്ടില്‍ ലഭ്യമാകുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം, വിത്തുകള്‍, ജൈവവളം, ജൈവ കീടനാശിനി, വിവിധ മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം, വില്‍പന, സ്ഥാപിച്ചു നല്‍കല്‍, വെല്‍ഡിംഗ് പ്രവൃത്തികള്‍ തുടങ്ങിയവയാണ് സംരംഭത്തിന്റെ ലക്ഷ്യം.

വാര്‍ത്താ സമ്മേളനത്തില്‍ റെയ്ഡ്കോ സി. ഇ. ഒ വി രതീശന്‍, മാനേജര്‍ എം. പി. മനോജ്, മാവിലായി ഫാക്ടറി മാനേജര്‍ എം. കെ. രാഹേഷ് എന്നിവര്‍ പങ്കെടുത്തു.

Latest News