മക്ക- വഖഫ് സ്വത്തുകൾ പരിഷ്‌കൃത സമൂഹത്തിന്റെ സൗന്ദര്യത്തിന്റെ ഭാഗമാണെന്നും ഇസ്‌ലാം നടപ്പിൽ വരുത്തിയ സാമ്പത്തിക വിപ്ലവത്തിലെ ഏറെ ശ്രദ്ധേയമായ വശമായിരുന്നു ഇതെന്നും ശൈഖ് ഡോ. മാഹിർ അൽ മിഅയ്ഖലി പ്രസ്താവിച്ചു. പരിശുദ്ധ മക്കയിലെ മസ്ജിദ് അൽ ഹറമിൽ വെള്ളിയാഴ്ച പ്രഭാഷണം(ഖുത്ബ) നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പത്ത് ദൈവാനുഗ്രഹങ്ങളിൽ ഏറെ വിലമതിക്കേണ്ട ഒന്നാണ്. അവ ശരിയായി ഉപയോഗിക്കുന്നത് അതിനെ ശാശ്വതമാക്കി മാറ്റും. നിത്യജീവതത്തിലെ ആവശ്യങ്ങൾക്കു പോലും ചെലവു ചെയ്യാതെ പിശുക്കു കാണിച്ചു നിക്ഷേപമാക്കി വെക്കുന്നതിലല്ല, അശരണർക്കും ആവശ്യക്കാർക്കും വേണ്ടി ചെലവു ചെയ്യുന്നതിലാണ് അതിന്റെ വളർച്ചയും ഐശ്വര്യവും കുടികൊള്ളുന്നത്.
ദൈവപ്രീതിയുള്ള വിഷയങ്ങളിൽ ചെലവു ചെയ്യുന്ന ചെറിയ ധനം പോലും പർവ്വതം കണക്കെ വളർത്തി വലുതാക്കി പരലോക ജീവിതത്തിൽ പ്രതിഫലം നൽകുന്നതിനായി അല്ലാഹു കാത്തു വെക്കുന്നുണ്ട്. വിൽപന നടത്താനോ വ്യക്തികൾ ഉടമപ്പെടുത്താനോ പാടില്ലാത്ത രീതിയിൽ ഒരാൾ തന്റെ സ്വത്തിലെ ഒരു ഭാഗം അനന്തമായി നന്മയുള്ള വിഷയങ്ങൾക്ക് വേണ്ടി മാറ്റി വെക്കുന്നതിനാണ് വഖഫ് ചെയ്യുക എന്നു പറയുന്നത്. പ്രവാചകന്റെ മദീനയിലെ മസ്ജിദും നൂറ്റാണ്ടുകളോളം മദീനയുടെ ജലസ്രോതസായിരുന്ന ഇന്നും വറ്റിപ്പോകാതെ നില നിൽക്കുന്ന മദീന നഗര മദ്ധ്യത്തിലെ ബീർ ഉഥ്മാൻ കിണറും വഖഫ് ആയി നബി തിരുമേനിയും അനുയായികളും മാറ്റി വെച്ചവയായിരുന്നു.
മുഹമ്മദ് നബിയുടെ അനുയായികളിൽ സാമ്പത്തിക ശേഷിയുള്ളവരെല്ലാം വഖഫ് സ്വത്ത് നീക്കി വെച്ചവരായിരുന്നു. ഖലീഫ ഉമർ അക്കാലത്തെ ലോക സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായ ഖൈബറിൽ തനിക്കുണ്ടായിരുന്ന ഏറെ മതിപ്പു വിലയുണ്ടായിരുന്ന വലിയ തോട്ടം വഖഫ് ചെയ്യുകയായിരുന്നു. പരിശുദ്ധ റമദാൻ പടിവാതിൽക്കലെത്തി നിൽക്കെ സമൂഹത്തിലെ സമ്പന്നർ തങ്ങളുടെതായി അന്ത്യദിനം വരെ നില കൊള്ളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായ വഖഫുകൾ നിശ്ചയിക്കാൻ മുന്നോട്ടു വരണം. അഗതികൾക്കും അനാഥർക്കും രോഗികൾക്കും സമൂഹത്തിലെ അവശ വിഭാഗങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കട്ടെ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഗവേഷണ വിദ്യാർത്ഥികൾക്കുമൊക്കെ ഉപയോഗപ്പെടുന്ന തരത്തിൽ വഖഫ് സ്വത്തുകൾ നീക്കിവെക്കാം. ഒരു വ്യക്തി മരണപ്പെടുന്നതോടെ തന്റെ കർമങ്ങളെല്ലാം നിലച്ചു പോകുന്നുവെങ്കിലും വഖഫുകളിൽ നിന്നുള്ള പ്രതിഫലം തുടർന്നു കൊണ്ടേയിരിക്കുമെന്ന് മുഹമ്മദ് നബിയുടെ വചനങ്ങളുടെയടിസ്ഥാനത്തിൽ ശൈഖ് പറഞ്ഞു.