കോഴിക്കോട്- പോലീസ് എസ്ഐ നിയമനത്തിനുള്ള കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കുകപോലും ചെയ്യാത്തവരെയും തോറ്റവരെയും ഉള്‍പ്പെടുത്തി പിഎസ്സിയുടെ ഷോര്‍ട്‌ലിസ്റ്റ്. ഫെബ്രുവരി 26,27 തീയതികളില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉദ്യോഗാര്‍ഥികള്‍ സംശയമുന്നയിച്ചതിനു പിന്നാലെ 28ന് ലിസ്റ്റ് പിന്‍വലിച്ചു. സബ് ഇന്‍സ്പെക്ടര്‍ (ഓപ്പണ്‍ / മിനിസ്റ്റീരിയല്‍ / കോണ്‍സ്റ്റാബുലറി), ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ഓപ്പണ്‍ / കോണ്‍സ്റ്റാബുലറി) എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കായി നിയമനത്തിനുള്ള പ്രിലിമിനറി, മെയിന്‍ എഴുത്തുപരീക്ഷകള്‍ ജയിച്ചവര്‍ക്കായാണു കായികക്ഷമതാപരീക്ഷ നടത്തിയത്. തുടര്‍ന്നു പ്രസിദ്ധീകരിച്ച ഷോര്‍ട്ട്ലിസ്റ്റിലാണു വന്‍തോതില്‍ അനര്‍ഹരും ഉള്‍പ്പെട്ടത്. ഷോര്‍ട്‌ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണു നിയമനം നടത്തുന്നത്.
ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ വിഭാഗത്തില്‍ കായികപരീക്ഷാ ഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട 928 പേരില്‍ 726 പേരും പരീക്ഷ പാസായതാണ് (78% വിജയം) ഒരുവിഭാഗം ഉദ്യോഗാര്‍ഥികളില്‍ സംശയം ജനിപ്പിച്ചത്. കടുപ്പമേറിയ പരീക്ഷ സാധാരണഗതിയില്‍ പകുതിപ്പേര്‍ പോലും പാസാകാറില്ല. കായികപരീക്ഷയില്‍ പങ്കെടുക്കാതിരുന്ന ഒട്ടേറെപ്പേര്‍ ഷോര്‍ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിശദ പരിശോധനയില്‍ വ്യക്തമായി. രണ്ടു വിഭാഗങ്ങളിലെ നിയമനത്തിന് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ എഴുത്തുപരീക്ഷ പാസായാല്‍ രണ്ടു ലിസ്റ്റിലും ഉള്‍പ്പെടും. ഇവര്‍ ഒറ്റ കായികപരീക്ഷയില്‍ പങ്കെടുത്താല്‍ മതി. എന്നാല്‍ ഇങ്ങനെയുള്ള ചിലര്‍ രണ്ടു പട്ടികയിലും വരുന്നതിനു പകരം ഒരു പട്ടികയില്‍ മാത്രമേ ഉള്‍പ്പെട്ടുള്ളൂ. ഈ പൊരുത്തക്കേടും ലിസ്റ്റിലെ പിഴവിനു തെളിവായി. കായികപരീക്ഷയില്‍ പങ്കെടുക്കാതെ തന്നെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ റജിസ്റ്റര്‍ നമ്പറുകളടക്കം ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് പിഎസ്‌സി പട്ടിക പിന്‍വലിച്ചത്.സമാന പ്രശ്നം മറ്റു പട്ടികകളിലും സംഭവിച്ചിട്ടുണ്ടോയെന്നു പിഎസ്സി സൂക്ഷ്മപരിശോധന നടത്തണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെടുന്നു.