തൃശൂര്‍ - ചറ്റുപുഴ പാടത്ത് വന്‍ അഗ്‌നിബാധ. പാടത്തു കൂട്ടിയിട്ടിരുന്ന വാട്ടര്‍ അതോറിറ്റി യുടെ പോളി കാര്‍ബനേറ്റു പൈപ്പുകളിലേക്കും തീ ആളിപ്പടര്‍ന്നതോടെ തൃശൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സിന് പോലും അണക്കാന്‍ കഴിയാത്ത സാഹചര്യമായി.
കനത്ത പുകയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയതോടെ ജില്ലയിലെ മറ്റു ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നും അഗ്‌നിശമന സുരക്ഷാ യൂണിറ്റുകളെ വിളിച്ചുവരുത്തിയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രാത്രി വൈകി നിയന്ത്രണവിധേയമാക്കിയത്.
രണ്ടു യൂണിറ്റ് ഫയര്‍ എന്‍ജിന്‍ കൊണ്ട് പോരാതെ വന്നപ്പോള്‍ 12000 ലിറ്റര്‍ വെള്ളം കൊള്ളുന്ന തൃശൂര്‍ നിലയത്തിലെ വാട്ടര്‍ ബൗസര്‍ വാഹനവും ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത് അടുത്തുണ്ടായിരുന്ന ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതെ സൂക്ഷിക്കാന്‍ ഏറെ പാടുപെട്ടു. ഇലക്ട്രിക് ലൈനുകളും കടന്നു പോകുന്നുണ്ടായിരുന്നു.
സമീപത്തെ വീടുകള്‍ ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പോളി കാര്‍ബനേറ്റു പൈപ്പുകള്‍ കത്തി ഉയര്‍ന്ന കനത്ത പുക പലര്‍ക്കും ശ്വാസതടസം ഉണ്ടാക്കി. ലക്ഷങ്ങളുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്.
പാടത്തെ പുല്ലിന് തീപിടിച്ചു എന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് തൃശൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് സ്ഥിതി സങ്കീര്‍ണമാണെന്ന് മനസ്സിലായതും മറ്റിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തിയതും.
തൃശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ പി.പ്രതീഷ്, കെ, കൃഷ്ണ പ്രസാദ്, വിബിന്‍ ബാബു, പി. എം മഹേഷ് , ജി. പ്രമോദ്, ബി. ദിനേശ്, ബിജോയ്, ഈനാശു, ബിനോദ്, നെല്‍സണ്‍, പി. എസ്. സുധീഷ് , ഹോം ഗാര്‍ഡുമാരായ സി. കെ. ഷിബു, കെ.വിജയന്‍, വി. കെ. രാജന്‍ എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.