Sorry, you need to enable JavaScript to visit this website.

നോർക്ക റൂട്ട്‌സ് വെയിൽസ് റിക്രൂട്ട്‌മെന്റ് ധാരണാപത്രം നാളെ ഒപ്പുവെക്കും

തിരുവനന്തപുരം- യു.കെയിലെ വെയിൽസിലേക്ക് കേരളത്തിൽ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെ റിക്രൂട്ട്‌ചെയ്യുന്നതിനുളള ധാരണാപത്രം നാളെ തിരുവനന്തപുരത്ത് ഒപ്പിടും. മുഖ്യമന്ത്രി പിണറായി വിജയന്റെയും, വെയിൽസ് ആരോഗ്യസാമൂഹിക സേവന മന്ത്രി എലുനെഡ് മോർഗൻ, സംസ്ഥാന ആരോഗ്യവനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്,  നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ്.  നോർക്ക റൂട്ട്‌സിനു വേണ്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (ഇൻചാർജ്) അജിത്ത് കോളശ്ശേരിയും വെൽഷ് സർക്കാരിന് വേണ്ടി നഴ്‌സിംഗ് ഓഫീസർ ഗില്ലിയൻ നൈറ്റുമാണ് കരാറിൽ ഒപ്പിടുക. മുഖ്യമന്ത്രിയുടെ ചേമ്പറിൽ വൈകുന്നേരം 3:30 നാണ് ചടങ്ങ്. നിലവിൽ നോർക്ക റൂട്ട്‌സ് യു.കെ കരാറിനു പുറമേ വെയിൽസിലേക്കു മാത്രം ഡോക്ടർമാർ, നഴ്‌സ്, ഫിസിയോതെറാപ്പിസ്റ്റുകൾ ഉൾപ്പെടെ 250 പേരെ റിക്രൂട്ട്‌ചെയ്യാനാണ് ലക്ഷ്യമിടുന്നത്. 
ചടങ്ങിൽ വെൽസ് ഗവൺമെന്റ് പ്രതിനിധികളായ ഇന്ത്യൻ ഓഫീസ് മേധാവി മിച്ച് തിയേക്കർ, ഇന്റർനാഷണൽ റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ഫിയോൺ തോമസ്, ഇന്ത്യ ഓഫീസ് എക്‌സ്‌റ്റേണൽ റിലേഷൻസ് മാനേജർ ജോൺ ബ്രൂംഫീൽഡ്, ആരോഗ്യ സാമൂഹിക സേവന മന്ത്രിയുടെ സീനിയർ പ്രൈവറ്റ് സെക്രട്ടറി കാർവിൻ വൈഷെർലി എന്നിവർ സംബന്ധിക്കും. നോർക്ക റൂട്ട്‌സിൽ നിന്നും റിക്രൂട്ട്‌മെന്റ് മാനേജർ മനോജ്.ടി, അസി. മാനേജർമാരായ രതീഷ്, പ്രവീൺ, ഹോം ഓതന്റിക്കേഷൻ ഓഫീസർ സുഷമ ഭായിതുടങ്ങിയവർ പങ്കെടുക്കും.
ശനിയാഴ്ച പ്രതിനിധിസംഘം തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജും, നഴ്‌സിംഗ്  കോളേജും സന്ദർശിക്കും. നഴ്‌സിംഗ് വിദ്യാർത്ഥികളുമായും പ്രതിനിധിസംഘം സംവദിക്കും.
2022 ഒക്ടോബറിൽ നടന്ന മുഖ്യമന്ത്രിയുടെ യു.കെ സന്ദർശന വേളയിലാണ് എൻ.എച്ച്.എസ് റിക്രൂട്ട്‌മെന്റിനായി നാവിഗോ, ഹംബർ & നോർത്ത് യോർക്ക്ഷയർ ഹെൽത്ത് കെയർ പാർട്ണർഷിപ്പ് എന്നിവരുമായി നോർക്ക റൂട്ട്‌സ് ധാരണയായത്. ഇതിന്റെ ഭാഗമായി മൂന്നു കരിയർ ഫെയറുകൾ സംഘടിപ്പിക്കുകയും ആയിരത്തോളം പേരെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്.
 

Latest News