കോഴിക്കോട്- തകര്‍ന്നു പോയ ഓട് അടക്കമുള്ള കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ സൗകര്യങ്ങള്‍ ഐ. ടി മേഖലക്ക് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ സജീവമായി ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കെ. ടി. എക്‌സ് 2024 കേരള ടെക്‌നോളജി എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതു പോലെ ടൂറിസ ഡെസ്റ്റിനേഷനുകളെ ഐ. ടി മേഖലയുമായി ബന്ധപ്പെടുത്തിയുള്ള വികസന സാധ്യതകളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ടൂറിസം രംഗത്തും ഏറെ വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പ്രത്യേകിച്ച് വയനാടിനെ മുന്‍ നിര്‍ത്തി ആഭ്യന്തര ടൂറിസ മേഖലയെ മാര്‍ക്കറ്റ് ചെയ്യുവാനുള്ള ശ്രമങ്ങള്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ചരിത്രത്തിലാദ്യമായി ആഭ്യന്തര ടൂറിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തിലെത്തിയത് വയനാട്ടിലായിരുന്നു. നമ്മുടെ യുവതയെ ഇവിടെത്തന്നെ പിടിച്ചു നിര്‍ത്തുന്നതില്‍ നമ്മുടെ ചുറ്റുപാടില്‍ത്തന്നെ ധാരാളം അവസരങ്ങളുണ്ടാകണം ഇക്കാര്യത്തില്‍ ഇതുപോലുള്ള എക്‌സ്‌പോകള്‍ക്ക് ഏറെ പങ്കുവഹിക്കാനുണ്ട്.
തിരുവനന്തപുരം- കാസര്‍ക്കോട് ആറു വരി ദേശീയപ്പാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം അവസാനം പൂര്‍ത്തീകരിക്കും. വലിയൊരു ലക്ഷ്യം മുന്‍ നിറുത്തിയാണ് സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ പ്രൊജക്ട് പ്രഖ്യാപിച്ചത്. ഇപ്പോള്‍ വന്ദേ ഭാരത് നടപ്പിലാക്കിയതോടെ പലര്‍ക്കുമത് മനസ്സിലായി. വന്ദേ ഭാരതിന്റെ റെയില്‍വെ ലൈനിന് യഥാര്‍ഥ വേഗത്തില്‍ പോകേണ്ടതിന് വളവ് നിവര്‍ത്തുവാന്‍ വേണ്ട ചെലവ് വരില്ല, കേരളത്തില്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കാനെന്നതാണ് യഥാര്‍ഥ്യമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് എം. മെഹ്ബൂബ് അധ്യക്ഷത വഹിച്ചു.
ഐ. ഐ. എം ഡയറക്ടര്‍ പ്രഫ. ദേബാശിഷ് ചാറ്റര്‍ജി, ടാറ്റാ എലക്‌സി എം. ഡി മനോജ് രാഘവന്‍, രമേന്ദ്ര വര്‍മ (ഗ്രാന്റ് ടോംടണ്‍ ഭാരത്), കെ. എസ്. ഐ. ടി. എല്‍ എം. ഡി ഡോ. സന്തോഷ് ബാബു, കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്ക് സി. ഇ. ഒ സുശാന്ത് കുരുന്തില്‍ എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് ഇനോവേഷന്‍ ആന്റ് ടെക്‌നോളജി ഇനീഷ്യേറ്റീവ് ചെയര്‍മാന്‍ ചെയര്‍മാന്‍ അജയന്‍ കെ. ആനാട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി അനില്‍ ബാലന്‍ നന്ദിയും പറഞ്ഞു.