തലശ്ശേരി- തലശ്ശേരി നഗരത്തിലെ പ്രധാന റോഡിന് നടുവില്‍ സ്‌റ്റേജ് നിര്‍മ്മിച്ചത് വിവാദമാകുന്നു. തലശ്ശേരി കാര്‍ണിവെലിന്റെ ഭാഗമായുള്ള പ്രധാന സ്റ്റേജാണ് തലശ്ശേരി ജനറല്‍ ആശുപത്രിക്ക് മുന്നിലെ എം. ജി റോഡിന്റെ നടുവില്‍ കെട്ടിയുയര്‍ത്തിയത.് പഴയ ബസ്റ്റാന്റില്‍ നിന്ന് പുതിയ ബസ്റ്റാന്റിലേക്ക് പോകുന്ന പ്രധാന റോഡില്‍ നഗരസഭാധികൃതര്‍ തന്നെ സ്‌റ്റേജ് കെട്ടിയുയര്‍ത്തി വഴി തടസ്സപ്പെടുത്തിയത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കി.
കാര്‍ണിവെല്ലുമായി ബന്ധപ്പെട്ട് ജനറല്‍ ആശുപത്രിക്ക് സമീപം ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ സ്ഥാപിച്ച സ്റ്റേജ് മറ്റൊടിരത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡി. സി. സി ജനറല്‍ സെക്രട്ടറി അഡ്വ. സി. ടി. സജിത്തും തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പി. അരവിന്ദാക്ഷനും നഗരസഭ ചെയര്‍മാന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അത്യാവശ്യഘട്ടങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ആശുപത്രിയില്‍ എത്തിപ്പെടേണ്ട റോഡ് കയ്യേറിയാണ് കാര്‍ണിവെലിന്റെ ഭാഗമായുള്ള സ്റ്റേജ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭയുടെ തല തിരിഞ്ഞ തീരുമാനത്തിനെതിരെയാണ് ഇരുവരും പരാതിയുമായി രംഗത്തെത്തിയത്. കൂടാതെ ഈ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ സമീപത്തെ കച്ചവടക്കാരെയും ഇത് ബാധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു.
കാര്‍ണിവെലിന്റെ ഭാഗമായ് ജനറല്‍ ആശുപത്രിക്ക് മുന്നില്‍ എം. ജി റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടിയത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പരീക്ഷയും മറ്റും നടക്കുന്ന അവസരത്തില്‍ ആശുപത്രിയും നിരവധി സ്‌കൂളുകളും സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന റോഡ് തടസ്സപ്പെടുത്തി കെട്ടിയ സ്റ്റേജ് അടിയന്തിരമായി നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി അസംബ്ലി മണ്ഡലം പ്രസിഡണ്ട് എന്‍. അഷറഫ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം നിരുത്തരവാദപരമായ കൃത്യം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറഞ്ഞു.