കൊല്ലം- തിരക്കേറിയ കൊല്ലം ബീച്ചില്‍ ആദ്യമായി മുട്ടയിട്ട് കടലാമ. മുട്ട വിരിയാന്‍ വനം വകുപ്പ് സംരക്ഷണവുമൊരുക്കി. കടലിന്റെ ആവാസ വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒലിവ് റിഡ്‌ലി ഇനത്തിലെ ആമയാണ് ബീച്ചിന്റെ ഒത്ത നടുക്ക് മുട്ടയിട്ട് മടങ്ങിയത്. സഞ്ചാരികളുടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ കരയിലെത്തിയ കടലാമ മണല്‍ മാറ്റി കുഴികുത്തിയാണ് ഒരു മണിക്കൂര്‍ സമയമെടുത്ത് മുട്ടയിട്ട് കടലിലേക്ക് മടങ്ങിയത്. ബീച്ചിലെ തെരുവുനായ ശല്യം മുട്ടക്ക് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ സഞ്ചാരി പോലിസിനേയും വനം വകുപ്പിനേയും വിവരമറിയിച്ചു.
അര്‍ധരാത്രിയോടടുത്ത സമയമായിട്ടും പാഞ്ഞെത്തിയ ഉദ്യോഗസ്ഥര്‍ മണല്‍ മാറ്റി 112 മുട്ടകള്‍ വീണ്ടെടുത്ത് ബക്കറ്റില്‍ പ്രത്യേകം തയാറാക്കിയ മണലിലേക്ക് മാറ്റി. കടലോരത്ത് തന്നെ മുട്ടകള്‍ക്ക് സംരക്ഷണവും ഏര്‍പ്പെടുത്തി. ഇനി മുട്ട വിരിയാനുള്ള 45 ദിവസത്തെ കാത്തിരിപ്പ്. മുട്ടവിരിഞ്ഞാല്‍ ആമക്കുഞ്ഞുങ്ങളെ കടലിലേക്ക് അയക്കും.