തിരുവനന്തപുരം - സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടത് ലോകായുക്ത ബില്ലില്‍ മാത്രം. മൂന്ന് ബില്ലുകള്‍ തിരിച്ചയച്ചു. മറ്റു മൂന്നു ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണ്ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണ്ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രപതി തടഞ്ഞ ബില്ലുകള്‍ നടപ്പാകില്ലെന്നും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാത്ത രാഷ്ട്രപതിയുടെ നടപടി ഇവ റദ്ദാകുന്നതിന് തുല്യമാണെന്നുമാണ് വിശദീകരണം.
ലോകായുക്താ ബില്ലിനൊപ്പം സര്‍വ്വകലാശാല നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകള്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, സെര്‍ച്ച് കമ്മിറ്റി എക്‌സ്പാന്‍ഷന്‍ ബില്‍, സഹകരണ ബില്‍ എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണ്ണര്‍ അയച്ചത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലില്‍ ഏറെ നാള്‍ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ഗവര്‍ണ്ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണ്ണറുടെ നീക്കം.