മങ്കട- ലോക ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരളത്തിലെ കാഴ്ച വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ ശാസ്ത്ര പരീക്ഷണത്തിലേക്കിറങ്ങുകയാണ്. പൊതു വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ രസകരമായും അത്ഭുതകരമായും ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുകയും നിഗമനങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോള്‍ കാഴച വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിനെല്ലാം വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നില്ല.
കാഴ്ചയില്ലാതെ ആസിഡുകള്‍ പോലെ അപകടരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള പ്രയാസം ഇവര്‍ മുഖ്യധാരയില്‍ നിന്നും ഒറ്റപ്പെട്ട് പോവാന്‍ കാരണമാവുന്നു. ഇതിനു പരിഹാരം കാണാനാണ് ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ മലപ്പുറം ജില്ലയിലെ വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റില്‍ വെച്ച് ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസിലെ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര പരീക്ഷണ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സവിശേഷ വിദ്യാലയങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ വള്ളിക്കാപ്പറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കും. കേരള സംസ്ഥാന ചരിത്രത്തില്‍ തന്നെ ഈ ക്യാമ്പ് ആദ്യമായാണ് നടത്തുന്നത്. നമ്മുടെ രാജ്യത്തെ കാഴ്ച പരിമിതി വിദ്യാലയങ്ങളില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കുന്നതിനും ശാസ്ത്ര പഠനം രസകരവും എളുപ്പവും ആക്കുന്നതില്‍ ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് പ്രാധാന്യം ഏറെയാണ്. കാഴ്ച വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിലും നിഗമനങ്ങളും ശാസ്ത്ര തത്വങ്ങളും രൂപപ്പെടുത്തുന്നതിനും പരീക്ഷണങ്ങള്‍ ആവശ്യമാണ്.
സാധാരണ സ്‌കൂളുകളില്‍ അവര്‍ക്കു ലഭ്യമാകുന്ന ശാസ്ത്ര ഉപകാരണങ്ങളും വസ്തുക്കളും ശേഖരിച്ചു കാഴ്ച പരിമിതി സ്‌കൂളില്‍ ഒരു പരീക്ഷണശാല തയ്യാറാക്കുകയാണ് സ്‌കൂള്‍ ലാബിന്റെ ലക്ഷ്യം. അവരവരുടെ സാഹചര്യങ്ങള്‍ക്കും അനുസ്യതമായി ആവശ്യമുള്ളതും തന്റെ പരിസരത്ത് നിന്നും ലഭിക്കുന്നതുമായ വസ്തുക്കളും പദാര്‍ത്ഥങ്ങളും ശേഖരിച്ചു സൂക്ഷിക്കുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ടും അല്ലാതെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ അവര്‍ നിഗമനങ്ങളില്‍ എത്തി ചേരും ആസ്വാദ്യകമായ ശാസ്ത്രപഠനം സാധ്യമാവുകയും കൂട്ടികളില്‍ ശാസ്ത്ര വിഷയത്തില്‍ താല്‍പ്പര്യം വര്‍ദ്ധി പ്പിക്കാനും ഇത് സഹായകമാണ്.
ഇത്തരം കുട്ടികള്‍ക്ക് കണ്ടും കേട്ടും മാത്രമല്ല ചെയ്തും അനുഭവിച്ചും പഠിക്കാന്‍ അവസരവും ലഭിക്കുന്നു. കഠിനമായ രാസ പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ കാഴ്ച് പരിമിതരെ സംബന്ധിച്ചിടത്തോളം അപ്രാപ്യവും. വളരെ അപകടവും ആണ്. സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് തൊടാനോ രുചിക്കാനോ മണക്കാനോ കഴിയുന്ന രാസപദാര്‍ത്ഥങ്ങള്‍ കാഴ്ച പരിമിതര്‍ക്ക് കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ അനുരൂപീകരണത്തിലൂടെ ഇവയില്‍ കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി തുലോം അപകടം കുറഞ്ഞതും പ്രയാസരഹിതവുമായ രാസപദാര്‍ത്ഥങ്ങള്‍ അറിയാനും പഠിക്കാനും സാധിക്കുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ കഴിയുന്നത്ര ലളിതമായി കുട്ടികളിലേക്ക് ശാസ്ത്രപഠനം എത്തിക്കുക എന്നത് ഏറെ ആവശ്യമായ ഘടകം തന്നെയാണ്.
രാസ പരീക്ഷണങ്ങള്‍ മാത്രമല്ല ശാസ്ത്രവുമായി ബന്ധപ്പെട്ട് പാഠപുസ്തകങ്ങളില്‍ ഉള്ള കഴിയാവുന്ന പരീക്ഷണങ്ങള്‍ ലഭ്യമാക്കാനും ഈ ക്യാമ്പ് ഉദ്ദേശിക്കുന്നു. മൂന്ന് ഘട്ടങ്ങളാണ് ഈ ശില്പശാല നടക്കുന്നത്. രാവിലെ 10 മുതല്‍ 11 വരെയുള്ള സമയം പൊതുവായ ശാസ്ത്ര പരീക്ഷണങ്ങളാണ് നടക്കുക. ഓരോ കുട്ടിക്കും ലളിതമായ ഒരു പരീക്ഷണ മെങ്കിലും നടത്താന്‍ അവസരം ഉണ്ടാകും.
ശാസ്ത്രമാജിക്ക് പോലുള്ള പരീക്ഷണങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. വിജയകരമായി ഒരു പരീക്ഷണം പൂര്‍ത്തിയാകുന്നതിലൂടെ സ്വന്തമായോ സഹായത്തോടെയോ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം എന്ന ആത്മവിശ്വാസം കാഴ്ച വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നതാണ്. നാളെരാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെയുള്ള സമയം പാഠപുസ്തകത്തിലെ പരീക്ഷണങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. ജീവിത സാഹചര്യങ്ങള്‍ ഒരുക്കി കുട്ടികളെ പരീക്ഷണത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കും, കളി രീതിയായിരിക്കും ശില്പശാല പിന്തുടരുക. ഈ അക്കാദമിക വര്‍ഷത്തില്‍ കുട്ടിക്ക് ലഭിക്കേണ്ടിയിരുന്ന പരീക്ഷണങ്ങളിലേറിയ പങ്കും കുട്ടിക്ക് ലഭ്യമാക്കും.തുടര്‍പഠനത്തിനായും ശാസ്ത്രപഠനാനുഭവങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്താനും ആവശ്യമായ പഠന ബോധനോപകരണങ്ങള്‍ കൂടി തയ്യാറാക്കാനും ശില്പശാലയുടെ തുടര്‍ന്നുള്ള ദിവസങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാവും ഈ അനുരൂപീകൃത പഠനോപകരണ നിര്‍മ്മാണം പൂര്‍ത്തിയാവുക.
അനുരൂപീകൃത പഠനബോധം നിര്‍മ്മാണശാല ശില്പശാലയിലും സംസ്ഥാനത്തിന്റെ കരിക്കുലം തയ്യാറാക്കുന്നതിലും,പാഠപുസ്തകം രചനയിലും പങ്കെടുക്കുന്ന എസ് സി ഇ ആര്‍ ടി യുടെ സംസ്ഥാന റിസോഴ്സ്‌പേഴ്സണ്‍സാണ് ക്യാമ്പ് നയിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9 മണിക്ക് എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ: ആര്‍.കെ. ജയപ്രകാശ് നിര്‍വഹിക്കും . ഡി ഡി ഇ മലപ്പുറം കെ. പി. രമേശ് കുമാര്‍ അധ്യക്ഷത വഹിക്കും. ക്യാമ്പിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പ്രധാനധ്യാപകന്‍ ഏ.കെ.യാസിര്‍ അറിയിച്ചു.