മുംബൈ- ഐ.എസ്.എല്ലിൽ മുംബൈയെ 1-1 സമനിലയിൽ തളച്ച ഗോവ, കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്നിലാക്കി നാലാമത്. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കഴിയാതെ വന്നതോടെ ഒന്നാം സ്ഥാനത്തെത്താനുള്ള മുംബൈയുടെ മോഹം വീണ്ടും അകന്നു.
46ാം മിനിറ്റിൽ വിക്രം പ്രതാപ് സിംഗിലൂടെ മുംബൈ മുന്നിലെത്തിയതാണെങ്കിലും 61ാം മിനിറ്റിൽ മണിപ്പൂരി താരം മുഹമ്മദ് യാസിർ ഗോവയെ ഒപ്പമെത്തിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ച മുംബൈ തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് ഹോം ഗ്രൗണ്ടിൽ ഇറങ്ങിയത്. എന്നാൽ ഗോവയുടെ കടുത്ത പ്രതിരോധവും, അവസരങ്ങൾ മുതലാക്കുന്നതിലെ പരാജയവും തിരിച്ചടിയായി. തുടർച്ചയായ മൂന്ന് തോൽവികൾക്കും ശേഷമാണ് ഗോവയുടെ സമനില. മുംബൈ കഴിഞ്ഞ മൂന്ന് മത്സരങ്ങളും ജയിച്ചിരുന്നു.
സമനിലയോടെ മുംബൈക്കും, ഒഡീഷക്കും 32 പോയന്റ് വീതമായി. എന്നാൽ മെച്ചപ്പെട്ട ഗോൾശരാശരിയുള്ള ഒഡീഷയാണ് ഒന്നാമത്. 29 പോയന്റുള്ള ഗോവ, കേരള ബ്ലാസ്‌റ്റേസിനെ പിന്തള്ളി നാലാമതെത്തി. ബ്ലാസ്‌റ്റേഴ്‌സിനും 29 പോയന്റുണ്ടെങ്കിലും മികച്ച ഗോൾ ശരാശിയിൽ ഗോവ മുന്നിലെത്തി. ബ്ലാസ്‌റ്റേഴ്്‌സ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്.
ഐലീഗിൽ റിയൽ കശ്മീർ ഐസാളിനെ 1-0ന് തോൽപ്പിച്ചപ്പോൾ, ഗോൾമഴ കണ്ട മത്സരത്തിൽ രാജസ്ഥാൻ എഫ്.സിയും ഷില്ലോംഗ് ലാജോംഗും സമനിലയിൽ പിരിഞ്ഞു, 4-4.