വടകര- നിപ വൈറസ് ആദ്യമായി സ്ഥിരീകരിച്ച ചങ്ങരോത്ത് പഞ്ചായത്തില്‍ അന്നത്തെ മന്ത്രിയും വടകര പാര്‍ലിമെന്റ് മണ്ഡലത്തിലെ നിയുക്ത എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയുമായ കെ. കെ ശൈലജ എത്തി. നിപ വൈറസിനെ തുടര്‍ന്ന് നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ മന്ത്രിയായിരുന്ന ശൈലജ എത്തിയിരുന്നു.
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ നിവാസികളോടും പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരോടും വോട്ടഭ്യര്‍ഥിക്കാനാണവര്‍ എത്തിയത്. ഒട്ടേറെ ഓര്‍മ്മകളുണര്‍ത്തുന്ന സന്ദര്‍ശനമായിരുന്നു അത്. നിപ്പ വൈറസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് ചെങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സൂപ്പികട എന്ന കൊച്ചു പ്രദേശത്താണ്. തൊട്ടടുത്തുള്ള ആശുപത്രി എന്ന നിലയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലായിരുന്നു രോഗബാധിതരെ ആദ്യമായി ചികിത്സിച്ചത്.
രോഗീപരിചരണത്തിനിടെയാണ് നഴ്‌സ് ലിനിക്ക് നിപ വൈറസ് ബാധ ഉണ്ടായത്. ആതുര സേവനത്തിനിടയിലാണ് ലിനി രോഗബാധിതയായി മരിച്ചത്. ആരോഗ്യ മേഖലയുടെ സേവന സന്നദ്ധതയുടെയും അര്‍പ്പണ മനോഭാവത്തിന്റെയും പ്രതീകമാണ് ലിനി.
ലിനിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എപ്പോഴും വേദനിപ്പിക്കുന്ന അനുഭവമാണ്. ഇതേ സമയം തന്നെ ത്യാഗത്തിന്റെ പ്രതീകം ആയിട്ടുള്ള ലിനി ഈ നാടിന്റെ അഭിമാനവുമാണ്. ലിനിയുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി സ്‌നേഹപൂക്കള്‍ ഒരിക്കല്‍ കൂടി അര്‍പ്പിക്കാനമായിരുന്നു മുന്‍ മന്ത്രിശൈലജയുടെ വരവ്. ഒട്ടേറെ പേര്‍ നിയുക്ത സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തി.