പത്തനംതിട്ട- അമിത വേഗത്തില്‍ അശ്രദ്ധമായി സ്വകാര്യ ബസ് ഓടിച്ച് കെ. എസ്. എഫ്. ഇ അസിസ്റ്റന്റ് മാനേജര്‍ മരിക്കുകയും മറ്റൊരു സര്‍ക്കാര്‍ ജീവനക്കാരന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡ്രൈവര്‍ക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചു.
അപകടത്തില്‍ മുളക്കുഴ ദില്‍ഖുഷ് പരേതനായ എം. പി. അബ്ദുള്ളയുടെ മകന്‍ കെ. എസ്. എഫ്. ഇ കോഴഞ്ചേരി ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍ എം. ഷാഫി മുഹമ്മദാണ് (42) മരിച്ചത്. ഉത്രാടം ബസ് ഡ്രൈവര്‍ തിരുവല്ല പരുമല മുറിയില്‍ മരങ്ങാട്ടുപറമ്പില്‍ വീട്ടില്‍ അഭിലാഷിനെയാണ് (39) ശിക്ഷിച്ചത്.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കാര്‍ത്തിക പ്രസാദാണ് വിധി പുറപ്പെടുവിച്ചത്. 2012 മാര്‍ച്ച് 12ന് രാവിലെ 10നായിരുന്നു സംഭവം.
ഷാഫിക്കൊപ്പമുണ്ടായിരുന്ന അയിരൂര്‍ പഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍ കാര്‍ത്തികേയ വര്‍മക്കും ഗുരുതര പരുക്കേറ്റു. ഇരുവരെയും നാട്ടുകാര്‍ കോഴഞ്ചേരി ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷാഫി മുഹമ്മദിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കാലിന്റെ ചലന ശേഷി നഷ്ടപ്പെട്ട കാര്‍ത്തികേയ വര്‍മ വീല്‍ചെയറിലാണ് കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി പത്തനംതിട്ട അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ആര്‍. രാജ്‌മോഹന്‍ ഹാജരായി.