Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്: ബീഹാര്‍ സ്വദേശി  പിടിയില്‍ 

നിലമ്പൂര്‍- ഓണ്‍ലൈനിലൂടെ കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തിന് ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കിയ ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബീഹാര്‍ ഗയ സാദിപ്പൂര്‍ വില്ലേജ് കിജിര്‍സായി പ്രകാശ് മാഞ്ചിയെയാണ് (24) ചെന്നൈയില്‍ വച്ച് വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ഡോക്യുമെന്റേഷനോ മറ്റു നൂലാമാലകളോ ഇല്ലാതെ കുറഞ്ഞ പലിശക്ക് ലോണ്‍ സംഘടിപ്പിച്ചു 
നല്‍കാമെന്നു ഫേസ്ബുക്കില്‍ പരസ്യം നല്‍കുകയും പിന്നീട് പരസ്യ ലിങ്കുകളില്‍ ആവശ്യക്കാര്‍ തൊടുന്നതോടു കൂടി വാട്‌സ് ആപ് ലിങ്ക് ആക്ടിവാകുയും തുടര്‍ന്നു എസ്. എം. എസ് സന്ദേശം ജനങ്ങളിലേക്കു അയക്കുകയുമാണ് തട്ടിപ്പുകാര്‍ ആദ്യം ചെയ്യുന്നത്. ആവശ്യക്കാര്‍ക്കു ബന്ധപ്പെടുന്നതിനായി ഒരു ഫോണ്‍ നമ്പറും നല്‍കും. 

പ്രമുഖ ധനകാര്യ സ്ഥാപനങ്ങളോടു സാമ്യമുള്ള പേരിനൊപ്പം നല്‍കുന്ന ഈ ഫോണിലേക്ക് തിരികെ വിളിക്കുന്നവരുടെ ആവശ്യങ്ങള്‍ മനസിലാക്കി ഇവരോട് നയത്തില്‍ സംസാരിക്കുകയാണ് ചെയ്യുക. ശേഷം ലോണ്‍ പ്രോസസിംഗ് ഫീസ്, നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ് തുടങ്ങി ചെറിയ തുകകള്‍ ഈടാക്കി വിവിധ ആവശ്യങ്ങള്‍ പറഞ്ഞു വീണ്ടും പണം തട്ടിപ്പുകാര്‍ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കും. വിശ്വാസ്യത വരുത്തുന്നതിനായി ലോണ്‍ പാസാക്കി എന്നു പറഞ്ഞു രേഖകളെന്ന് തോന്നിപ്പിക്കുന്ന സന്ദേശം ഇടപാടുകാരന് അയച്ചു കൊടുക്കും. ഇതെല്ലാം വിശ്വസിച്ച് ചെറിയ തുകകളായി ഇടപാടുകാര്‍ ഓരോ തവണയും തട്ടിപ്പുകാര്‍ക്ക് പണം കൈമാറിക്കൊണ്ടിരിക്കും. പണത്തിന് അത്യാവശ്യക്കാരാണ് ഇത്തരത്തില്‍ തട്ടിപ്പുകാരുടെ വലയില്‍ കൂടുതലും വീണത്. 

വഴിക്കടവ് നാരോക്കാവിലെ യുവതിയെ കുറഞ്ഞ പലിശക്ക് ഒരു ലക്ഷം രൂപ ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലാണ് വഴിക്കടവ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു മലപ്പുറം പോലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘത്തെ നിയോഗിക്കുകയും എ. എസ്. പി കിരണിന്റെ മേല്‍നോട്ടത്തില്‍ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നെയില്‍ നിന്നു പിടിയിലായത്. ഇത്തരത്തില്‍ സിം കാര്‍ഡുകളും അക്കൗണ്ടുകളും വിതരണം ചെയ്യുന്നതിന് ബീഹാര്‍ കേന്ദ്രീകരിച്ച് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സംഘങ്ങളാണ് കേരളത്തിലെ ജനങ്ങളെ ചതിയില്‍ പെടുത്തി പണം തട്ടിയെടുക്കുന്നത്. ഇവര്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് ഇടപാടുകാരോട് സംസാരിച്ചിരുന്നത്. അറസ്റ്റിലായ പ്രതി കമ്മീഷന്‍ അടിസ്ഥാനത്തിലാണ് അക്കൗണ്ട് എടുത്ത് നല്‍കിയത്. പരാതിക്കാരിക്ക് പണം നഷ്ടപ്പെട്ട സമയം സൈബര്‍ ക്രൈം പോലീസിന്റെ ടോള്‍ ഫ്രീ നമ്പറായ 1930ല്‍ വിളിക്കുകയും പോലീസ് പ്രസ്തുത അക്കൗണ്ട് ഫ്രീസ് ചെയ്യുകയും ചെയ്തിരുന്നു. 
പോലീസ് പിടികൂടുമെന്ന് മനസിലാക്കി പ്രതി ബീഹാറില്‍ നിന്നു മുങ്ങുകയായിരുന്നു. പിന്നീട് ഗയ സൈബര്‍ പോലീസും മലപ്പുറത്തെ അന്വേഷണ സംഘവും ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതി ചെന്നൈയിലുണ്ടെന്ന് വിവരം ലഭിച്ചത്.

200ഓളം ഫാക്ടറികളിലായി ഒരു ലക്ഷത്തിലധികം ബീഹാര്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളിലും താമസിക്കുന്ന ഏരിയകളിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണത്തിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇന്‍സ്‌പെക്ടര്‍ പ്രിന്‍സ് ജോസഫ് അറിയിച്ചു.  

സബ് ഇന്‍സ്‌പെക്ടര്‍ കെ. മനോജ്, സി. പി. ഒമാരായ അനുമാത്യു, കെ. ബിജു, ഇ. ജി. പ്രദീപ്, വിനീഷ് മാന്തൊടി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.

Latest News