കൊല്ലം- തൊഴിലാളികളുടെ ആവശ്യങ്ങളും തൊഴില്‍മേഖലയുടെ പുരോഗതിക്കാവശ്യമായ നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിനായി നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖാമുഖം പരിപാടി നാളെ ജില്ലയില്‍. മന്ത്രിസഭയൊന്നാകെ ജനസമക്ഷമെത്തിയ നവകേരള സദസ്സിന്റെ തുടര്‍ച്ചകൂടിയായ പരിപാടി രാവിലെ 9:30 മുതല്‍ ഒന്നുവരെ ആശ്രാമം യൂനസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും.
രണ്ടായിരത്തോളം തൊഴിലാളികളുമായും വിവിധ തൊഴില്‍മേഖലകളില്‍ സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച തിരഞ്ഞെടുക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച. പൊതുവിദ്യാഭ്യാസതൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ.ബി ഗണേഷ് കുമാര്‍, ജെ. ചിഞ്ചുറാണി, എം. മുകേഷ് എം എല്‍ എ എന്നിവരാണ് മുഖ്യാതിഥികള്‍.
പത്മശ്രീ ഗോപിനാഥന്‍ (കൈത്തറി), കെ.കെ ഷാഹിന (മാധ്യമപ്രവര്‍ത്തക), രഞ്ജു രഞ്ജിമാര്‍ (മേക്കപ്പ് ആര്‍ട്ടിസ്റ്റ്), അരിസ്‌റ്റോ സുരേഷ് (സിനി ആര്‍ട്ടിസ്റ്റ്), ഷീജ (ചെത്ത്‌തൊഴിലാളി), രേഖ കാര്‍ത്തികേയന്‍ (ആഴക്കടല്‍ മത്സ്യബന്ധനം), സുശീല ജോസഫ് (ഗാര്‍ഹികതൊഴിലാളി), ഒ വത്സലകുമാരി (കശുവണ്ടി തൊഴിലാളി), മുഹമ്മദ് നാസര്‍ (മോട്ടര്‍തൊഴിലാളി), ഷബ്‌ന സുലൈമാന്‍ (ആനപരിപാലനം) എന്നിവര്‍ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും.
തിരഞ്ഞെടുത്ത മറ്റു 40 പേര്‍ക്കും വിഷയങ്ങള്‍ അവതരിപ്പിക്കാനാകും. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സഹായത്തിനുണ്ടാകും. വിപുല സൗകര്യങ്ങളാണ് വേദിയിലും പരിസരത്തുമായി ഒരുക്കിയിട്ടുള്ളത്. വാഹനങ്ങള്‍ ആശ്രാമം മൈതാനത്ത് പാര്‍ക്ക് ചെയ്യാം. ആഹാരത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.
തൊഴില്‍ നൈപുണ്യ വകുപ്പ് സെക്രട്ടറി ഡോ. കെ വാസുകി, എംപ്ലോയ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. വീണ എന്‍. മാധവന്‍, ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടി.എം ഹര്‍ഷനാണ് മോഡറേറ്റര്‍.
വേദി പങ്കിടുന്നത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍
അതത് മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് സംവദിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കിടുന്നതിനൊപ്പം നിര്‍ദേശങ്ങളും മുന്നോട്ട് വയ്ക്കാനാണ് അവസരം.
കൈത്തറിയുടെ കൈമുദ്ര തലമുറകള്‍ക്ക് പകര്‍ന്നുനല്‍കുന്ന പത്മശ്രീ പി ഗോപിനാഥന്‍ നെയ്യാറ്റിന്‍കര സ്വദേശിയാണ്. മേഖലയില്‍ വനിതാശാക്തീകരണത്തിന് പിന്തുണ നല്‍കിയതിനൊപ്പം വിപണനസാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള കരവിരുതിന്റേയും ഉടമയാണ്.
മാധ്യമപ്രവര്‍ത്തനത്തിലെ ശ്രദ്ധേയ സ്ത്രീസാന്നിധ്യമായ കെ.കെ ഷാഹിന കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. മാധ്യമരംഗത്ത് നിന്ന് മനുഷ്യാവകാശ പ്രവര്‍ത്തനത്തിലേക്കും കര്‍മമണ്ഡലം വ്യാപിപ്പിച്ച വ്യക്തിത്വത്തിനുടമയാണ്.
രഞ്ജു രഞ്ജിമാര്‍ മേക്കപ് ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്കാണ് ഖ്യാതിനേടിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തില്‍ നിന്ന് മുഖ്യധാരയിലേക്കെത്തി വേറിട്ട കലാചാരുതയോടെ മേക്കപ്പ് നിര്‍വഹിച്ച് ഫാഷന്‍, വെള്ളിത്തിര, പരസ്യം തുടങ്ങിയ മേഖലകളില്‍ തിളങ്ങി. കൊല്ലം സ്വദേശിയാണ്.
സിനിമയുടെ മായാലോകത്ത് ചിരിയുടെ അലകള്‍ ഉയര്‍ത്തിയാണ് അരിസ്‌റ്റോ സുരേഷ് ശ്രദ്ധേയനായത്. പാട്ടെഴുതിയും പാടിയും പ്രശസ്തിനേടിയ കലാകാരന്‍ തിരുവനന്തപുരം സ്വദേശിയാണ്.
പരിമിതികളുടെ ബാല്യത്തോടുപൊരുതിയാണ് ഷീജയെന്ന കണ്ണൂര്‍ സ്വദേശിയുടെ ജീവിതത്തുടക്കം. 13 വയസില്‍ തൊഴിലിടത്തിലേക്ക്. വൈവാഹിക ജീവിതവും വരുമാനവര്‍ധനയെ പിന്തുണയ്ക്കുന്നില്ലെന്ന്കണ്ട് കള്ളുചെത്തെന്ന മേഖല സ്വീകരിക്കുകയായിരുന്നു. വനിതകള്‍ക്ക് മാതൃകയായിമാറിയ പരിമിതജീവിതം സുരക്ഷിതജീവിതത്താളുകളിലേക്ക് പകര്‍ത്തുകയാണ് ഷീജ.
തൃശൂര്‍ സ്വദേശിയായ രേഖ കാര്‍ത്തികേയന്‍ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിട്ടത് കടലാഴങ്ങളില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ആഴക്കടല്‍മത്സ്യബന്ധനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയാണ് ചരിത്രത്തില്‍ ഇടം നേടിയത്. തൊഴില്‍മാഹാത്മ്യത്തിന്റെ മലയാളവനിതാ സാന്നിദ്ധ്യമാണ് രേഖ.
കശുവണ്ടി മേഖലയിലെ കൊല്ലത്തിന്റെ സ്ത്രീസാന്നിധ്യമാണ് ഒ വത്സലകുമാരി. ഏറ്റവും മികച്ച തൊഴിലാളിയെന്ന ശ്രേഷ്ഠ പുരസ്‌കാരം നേടിയാണ് ശ്രദ്ധേയായത്.
ഗാര്‍ഹിക മേഖലയിലെ മികവാണ് സുശീല ജോസഫ് എന്ന കൊല്ലം ജില്ലക്കാരിക്ക് നേട്ടമായത്. 2020 ലെ തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടി.
എറണാകുളം ജില്ലയില്‍ നിന്നുള്ള മുഹമദ് നാസര്‍ മോട്ടര്‍ തൊഴിലാളിയുടെ തൊഴില്‍ നൈപുണ്യം പുലര്‍ത്തിയാണ് വേറിട്ടു നില്‍ക്കുന്നത്. കലാകായികമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2020ലെ തൊഴിലാളി ശ്രേഷ്ഠ അവാര്‍ഡ് ജേതാവാണ്.
മൃഗസ്‌നേഹത്തിന്റെ കുടുംബപാരമ്പര്യം ആനപരിപാലനത്തിലേക്ക് വരെയെത്താമെന്ന് മലയാളിക്ക് പ്രവര്‍ത്തിപഥത്തിലൂടെ കാട്ടിക്കൊടുത്ത ചെറുപ്പമാണ് 29 കാരി ഷബ്‌നസുലൈമാന്‍. കോഴിക്കോട് സ്വദേശിയായ ഷബ്‌ന ദന്തരോഗചികിത്സാ വിദഗ്ധയാണ്. വിദേശജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയപ്പോഴാണ് മൃഗസ്‌നേഹത്തിന്റെ വഴിയിലേക്ക് എത്തിയത്.