കൊയിലാണ്ടി - കൊയിലാണ്ടിയിൽ സി.പി.എം സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അഭിലാഷിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. ആറുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെയാണ് കൊയിലാണ്ടി കോടതിയിൽ പോലീസ് അഭിലാഷിനായി കസ്റ്റഡി അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച കോടതി പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വിടുകയായിരുന്നു. കൊലപാതകം നടന്ന മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിൽ പോലീസ് അഭിലാഷിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്ത സ്ഥലം ഉൾപ്പെടെ പ്രതിയെ എത്തിച്ച് പരിശോധന നടത്തും. അഭിലാഷിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കൊലപാതകത്തിന് പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചോവെന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത ലഭിക്കും. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിലാഷിന്റെ മൊഴി. പി.വി.സത്യൻ തന്നെ മനപൂർവ്വം അവഗണിച്ചുവെന്നും പാർട്ടി പ്രവർത്തനത്തിൽനിന്ന് മാറ്റിനിർത്തിയെന്നുമാണ് പ്രതി പറയുന്നത്.
പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറ്റിനിർത്തിയതിന് പുറമേ മറ്റു പാർട്ടിക്കാരിൽ നിന്ന് മർദനമേറ്റ സംഭവത്തിൽ സംരക്ഷിച്ചില്ലെന്ന് കുറ്റപ്പെടുത്തലുമുണ്ട്. ഇത് വൈരാഗ്യത്തിന് കാരണമായെന്നാണ് പ്രതിയുടെ മൊഴി. ക്ഷേത്രോത്സവത്തിനിടെയുള്ള ഗാനമേളയ്ക്കിടെയാണ് പ്രതി സത്യനാഥിനെ കുത്തിക്കൊന്നത്.