പത്തനംതിട്ട- കടമ്മനിട്ട ലോ കോളേജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ച കേസിലെ ഒന്നാം പ്രതി ജയ്‌സണ്‍ ജോസഫിനെ കോളജില്‍ നിന്ന് പുറത്താക്കി. സി. പി. എം ഏരിയ കമ്മിറ്റി അംഗവും ഡി. വൈ. എഫ്. ഐ പെരുനാട് ബ്ലോക്ക് സെക്രട്ടറിയുമാണ് ജയ്‌സണ്‍ ജോസഫ്.
നിയമ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസിലെ പ്രതിയായ ഡി. വൈ. എഫ്. ഐ നേതാവിനെ പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
ആറന്മുള എസ്. എച്ച്. ഒ സി. കെ. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
പോലീസുമായും പ്രവര്‍ത്തകര്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
മര്‍ദനക്കേസില്‍ ജയ്‌സന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി തള്ളിയിട്ടും ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് ജയ്‌സണ്‍ ജോസഫിനെ കോളേജ് അധികൃതര്‍ പുറത്താക്കിയത്.
ഡിസംബര്‍ 22നാണ് നിയമ വിദ്യാര്‍ഥിനിക്ക് കോളേജില്‍ മര്‍ദനമേറ്റത്. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കെ. എസ്. യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് ആറന്മുള പോലീസ് സ്റ്റേഷന്‍ ഉപരോധം ഉള്‍പ്പെടെയുള്ള സമര പരിപാടികളും നടത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ കോളേജിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കപ്പെട്ടു.