തൃശൂർ - ഇരിങ്ങാലക്കുട പൊറത്തിശ്ശേരി ഹെൽത്ത് സെന്ററിലെ വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ ബി.ജെ.പി വാർഡ് മെമ്പർ പിടിയിൽ. പടിയൂർ പഞ്ചായത്ത് മെമ്പർ ശ്രീജിത്ത് മണ്ണായിലാണ് ഡോക്ടറുടെ പരാതിയിൽ പിടിയിലായത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. പൊറുത്തിശ്ശേരി ഹെൽത്ത് സെന്ററിൽ ഡോക്ടറെ കാണാൻ എത്തിയ പടിയൂർ പഞ്ചായത്ത് 11 -ാം വാർഡ് മെമ്പർ ശ്രീജിത്ത് മണ്ണായിലാണ് ഡോക്ടറെ കൈയേറ്റം ചെയ്തത്. ഉറക്കം കുറവാണെന്നു പറഞ്ഞാണ് ഇയാൾ ഡോക്ടറെ കാണാൻ എത്തിയത്. പ്രകോപനമൊന്നും ഇല്ലാതെ തന്നെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഡോക്ടർ പോലീസിൽ മൊഴി നൽകി. ഡോക്ടറുടെ മുറിയിലെ സാധനങ്ങളും നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്ന് ശ്രീജിത്തിനെ തടഞ്ഞ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട പോലിസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ഡോക്ടറെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.