Sorry, you need to enable JavaScript to visit this website.

ആഘോഷങ്ങൾ വേണ്ടെന്ന നിലപാടിൽ വിദ്യാർഥികൾക്ക് ആശങ്കയും നിരാശയും 

തിരുവനന്തപുരം- ചെലവു ചുരുക്കലിന്റെ ഭാഗമായി ആഘോഷങ്ങൾ വേണ്ടെന്ന സർക്കാർ നിലപാടിൽ വിദ്യാർഥികൾക്ക് ആശങ്കയും നിരാശയും. പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം സ്‌കൂൾ കലോത്സവങ്ങൾ, മേളകൾ, ചലച്ചിത്രോത്സവങ്ങൾ, സർക്കാർ വിവിധ വകുപ്പുകളിലൂടെ നടത്തുന്ന ആഘോഷ പരിപാടികൾ ഇതൊന്നും പാടില്ലെന്നാണ്. ഇതോടൊപ്പം നടത്തിവരുന്ന സ്‌കൂൾ ശാസ്ത്ര മേളകളും കായിക മേളകളും ഉപേക്ഷിക്കേണ്ടതായി വരും.  നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കിയപ്പോൾ സർക്കാർ തീരുമാനം നടപ്പിലാക്കുമെന്ന് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥും വ്യക്തമാക്കിയിട്ടുണ്ട്.
ആഘോഷങ്ങൾ വേണ്ടെന്ന് വച്ചത് വിദ്യാർഥി സമൂഹത്തെയാകെ  നിരാശരാക്കി. കലോത്സവം, ശാസ്ത്രമേളകൾ  എന്നിവയിൽ എ,ബി,സി ഗ്രേഡുകൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക്  30,24,18 എന്ന ക്രമത്തിൽ ഗ്രേസ് മാർക്കുകൾ ലഭിക്കും. കായിക മേളയിലും ഒന്നും രണ്ടും മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ഗ്രേസ് മാർക്കുകൾ ലഭിച്ചിരുന്നു.   മേളകൾ നിറുത്തലാക്കുന്നതിലൂടെ ഗ്രേസ് മാർക്കുകൾ നഷ്ടമാകും. ഉന്നത പഠനത്തിന് ഗ്രേസ് മാർക്കുകൾ വിദ്യാർഥികൾക്ക് ഉപകാരപ്രദമായിരുന്നു. സർക്കാർ തീരുമാനത്തിലൂടെ ഇത്  നഷ്ടമാകും.
പഠനത്തോടൊപ്പം വിദ്യാർഥികളുടെ മറ്റ്കഴിവുകളും വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം മേളകൾ സംഘടിപ്പിക്കാറ്. ശാസ്ത്രമേള വിദ്യാർഥികളുടെ പഠനമികവ് പ്രകടിപ്പിക്കുന്നതിന് കൂടിയുള്ള പ്രധാന വേദിയാണ്. മേളകളിലൂടെ നിരവധി കുഞ്ഞ് ശാസ്ത്രപ്രതിഭകളെ നമുക്ക് സൃഷ്ടിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. നിരവധി കണ്ടു പിടുത്തങ്ങളുടെ അടിസ്ഥാനവും  ശാസ്ത്രമേളകളായിരുന്നു. 
സ്‌കൂൾ കലോത്സവങ്ങളിലൂടെ ഒട്ടനവധി കലാപ്രതിഭകളെയാണ്    കേരളത്തിന് സംഭാവന നൽകിയിട്ടുള്ളത്. രാജ്യാന്തരതലത്തിൽ ഇവർ വളരെ പ്രശസ്തിയും നേടിയിട്ടുണ്ട്.  ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ നിരവധി താരങ്ങളാണ് കായിക മേളകളിലൂടെ ഉയർന്നു വന്നിട്ടുള്ളത്.  ഇത്തരത്തിൽ ഭാവി താരങ്ങളെ സൃഷ്ടിക്കുന്ന മേളകളാണ് പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വേണ്ടെന്ന് വച്ചത്. വിദ്യാർഥികൾ തമ്മിലുള്ള  മത്സരങ്ങൾ മാത്രം നടന്നിരുന്നിടത്ത്   പ്രതിച്ഛായക്കു വേണ്ടി മേളകളെ ആഡംബരമാക്കിയത് സംസ്ഥാനം ഭരിച്ച സർക്കാരുകളാണ്. അതിനാലാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടതായി വരുന്നതും. 
മേളകളെ മുന്നിൽക്കണ്ട് വിദ്യാർഥികൾ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു. ഇതെല്ലാം നിർത്തി വയ്‌ക്കേണ്ടതായി വരും. അടുത്തവർഷം മേളകൾ മതിയെങ്കിൽ ഇത്തവണ പഠിച്ചിറങ്ങുന്ന പത്താംക്ലാസ്, പ്ലസ്ടു വിദ്യാർഥികളെയാണ് കൂടുതൽ ബാധിക്കുക. ഇവർക്കുള്ള അവസരങ്ങൾ നിഷേധിക്കലാകും സർക്കാരിന്റെ ഉത്തരവിലൂടെ സംഭവിക്കുക.
 

Latest News