കല്‍പറ്റ-ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതും തത്പര കക്ഷികള്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും നടത്തുന്ന കുപ്രചാരണവും വയനാട്ടില്‍ ടൂറിസം സംരംഭകരെ ഗതികേടിലാക്കി.
ജില്ലയില്‍ വിനോദസഞ്ചാരത്തിനു നിരോധനം ഏര്‍പ്പെടുത്തിയെന്ന മട്ടില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണം ജില്ലയില്‍് വിനോദസഞ്ചാര മേഖലയ്ക്കു വിനയായെന്നു വയനാട് ടൂറിസം അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. സെയ്തലവി, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അനീഷ് ബി.നായര്‍ എന്നിവര്‍ പറഞ്ഞു.
വന്യജീവി ആക്രമണങ്ങളെത്തുടര്‍ന്ന് സമീപകാലത്തുണ്ടായ ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വനം വകുപ്പിനു കീഴില്‍ ജില്ലയിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കയാണ്. കുറുവ ദ്വീപ്, വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി, മുത്തങ്ങ ടൂറിസം കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇതില്‍പ്പെടും. വൈദ്യുത വകുപ്പിനു കീഴിലുള്ള ബാണാസുര ഹൈഡല്‍ ടൂറിസം സെന്റര്‍ തൊഴിലാളി സമരം മൂലം ഒരു മാസമായി പ്രവര്‍ത്തിക്കുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം. വയനാട്ടില്‍ വിനോദസഞ്ചാരം വിലക്കിയെന്ന കുപ്രചാരണം ഈ പശ്ചാത്തലത്തിലാണ് അയല്‍ സംസ്ഥാനങ്ങളില്‍ നടക്കുന്നത്.
ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതായി ടൂറിസം അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ കെ. സെയ്ഫു വൈത്തിരി, ബത്തേരി താലൂക്ക് സെക്രട്ടറി എന്‍. അന്‍വര്‍ സാദത്ത്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.ആര്‍. അസ്‌ലം ബാവ, സെക്രട്ടറി യു. സുബൈര്‍ എന്നിവര്‍ പറഞ്ഞു. പരീക്ഷക്കാലമായതിനാല്‍ സംസ്ഥാനത്തെ ഇതര ജില്ലകളില്‍നിന്നുള്ള സന്ദര്‍ശകരുടെ എണ്ണവും കുത്തനെ കുറഞ്ഞു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്ഡ് വില്ലകള്‍, ടൂറിസ്റ്റ് ഹോമുകള്‍ എന്നിവിടങ്ങളില്‍ പേരിനു മാത്രമാണ് സന്ദര്‍ശകര്‍ തങ്ങുന്നത്. ദിവസങ്ങളായി നിത്യച്ചെലവിനുള്ള വരുമാനം പോലും ഈ സ്ഥാപനങ്ങള്‍ക്കു ലഭിക്കുന്നില്ല. സഞ്ചാരികളുടെ ഒഴുക്ക് നിലച്ചത് ഹോട്ടല്‍ വ്യവസായത്തെയും ബാധിച്ചു. വിനോദസഞ്ചാര മേഖലകളിലുള്ള ഹോട്ടലുകളില്‍ കച്ചവടം കുറഞ്ഞു. ടൂറിസം കേന്ദ്രങ്ങള്‍ക്കടുത്ത് മെസ് ഹൗസ്, സ്റ്റേഷനറി-കരകൗശല വസ്തു പീടിക, പഴക്കട തുടങ്ങിയവ നടത്തുന്നവരെയും സഞ്ചാരികളുടെ വരവിലുണ്ടായ കുറവ് ബാധിച്ചു. ടൂറിസ്റ്റ് ടാക്‌സി-ഓട്ടോ ഉടമകളും ഡ്രൈവര്‍മാരും ഗതികേടിലാണ്.
1,600 ഓളം സംരംഭകര്‍ അംഗങ്ങളായതാണ് വയനാട് ടൂറിസം അസോസിയേഷന്‍. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെ സംരംഭകരുടെ സംഘടനകള്‍ ജില്ലയില്‍ വേറെയും ഉണ്ട്. ശരാശരി 10 ജീവനക്കാരാണ് ഓരോ സംരംഭത്തിലും. ഇവരുടെ ജീവിതവും പ്രതിസന്ധിയിലാണ്.
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിലെ തടസം എന്തെന്ന് വനം അധികാരികള്‍ വ്യക്തമാക്കുന്നില്ലെന്ന് ടൂറിസം അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന തൊഴിലാളി സമരം ഒത്തുതീര്‍ക്കുന്നതില്‍ അധികാരികള്‍ക്കു ശുഷ്‌കാന്തിയില്ലന്ന് അവര്‍ കുറ്റപ്പെടുത്തി.
വനം വകുപ്പിനു കീഴിലുള്ളതടക്കം ജില്ലയിലെ മുഴുവന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുപ്രവര്‍ത്തിക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് 29ന് സംയുക്തമായി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ വയനാട് ടൂറിസം അസോസിയേഷനും കെഎച്ച്ആര്‍എ ജില്ലാ കമ്മിറ്റിയും തീരുമാനിച്ചിട്ടുണ്ട്.