-മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞെത്തിയ ശേഷമേ ഇനി നിർണായക നീക്കങ്ങൾ ഉണ്ടാകൂ.
കോട്ടയം- പീഡനക്കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴികളിൽ വൈരുധ്യമുണ്ടെന്ന് കോട്ടയം എസ്.പി എസ്. ഹരിശങ്കർ. വൈരുധ്യങ്ങളെല്ലാം പരിഹരിച്ച ശേഷമാവും കുറ്റപത്രം നൽകുക. കുറ്റപത്രം വൈകാതെ സമർപ്പിക്കുമെന്നും എസ്.പി മാധ്യമങ്ങളോട് വ്യക്തമാക്കി. കേസന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ മേൽ സമ്മർദമൊന്നുമില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോവുന്നത്. ഇക്കാര്യത്തിൽ ഒരു കാലതാമസവുമുണ്ടായിട്ടില്ല. തെളിവുകൾ ശേഖരിക്കാനുള്ള സമയം മാത്രമാണെടുത്തത്. ചോദ്യം ചെയ്യലിനായി ബിഷപ്പിനെ വിളിച്ചുവരുത്തേണ്ട സാഹചര്യമായിട്ടില്ല. ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിക്കാൻ അന്വേഷണസംഘത്തിന് ഏഴുദിവസംകൂടി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ ആർക്കും കോടതിയെ സമീപിക്കാം. നിലവിലെ നിയമവ്യവസ്ഥയനുസരിച്ച് അതിൽ തടസമില്ല. അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോവുന്നതെന്നാണ് നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയതെന്ന് എസ്.പി കൂട്ടിച്ചേർത്തു.
അതേസമയം ജലന്ധർ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ അന്വേഷണ റിപ്പോർട്ടിൽ ഐ.ജി ആറ് പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നാണ് സൂചന. ഗുരുതരമല്ലെങ്കിലും കേസിനെ ബാധിച്ചേക്കാവുന്ന ഈ പിഴവുകൾ തിരുത്തിയ ശേഷം അറസ്റ്റു ചെയ്താൽ മതിയെന്ന് ഐ.ജി വിജയ് സാഖറെ അന്വേഷണ സംഘത്തിനു നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അദ്ദേഹത്തിന്റെ അനുമതിയോടെ മാത്രമേ തുടർനടപടി ഉണ്ടാകൂ എന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഐ.ജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ രണ്ടായിരം പേജുള്ള അന്വേഷണ റിപ്പോർട്ട് വൈക്കം ഡിവൈ.എസ്.പി പി.കെ സുഭാഷ് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ഐ.ജി ചൂണ്ടിക്കാട്ടിയത് ആറ് പൊരുത്തക്കേടുകളാണ്. ബിഷപ്പിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടേത് അടക്കം ഇരുപതോളം പേരുടെ മൊഴിയുണ്ട്. പീഡനം നടന്നതായി പറയുന്ന ദിവസം ബിഷപ്പ് ഈ പറഞ്ഞ സ്ഥലങ്ങളിലുള്ളതായി രേഖയുമുണ്ട്. എന്നാൽ, ഇതിനെല്ലാമുപരി കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ചുണ്ടായിരുന്നതായി തെളിയിക്കുന്ന കൃത്യമായ തെളിവുകൾ കണ്ടെത്തണം എന്ന നിർദേശമാണ് ഐ.ജി അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്നത്.
ഇരുവരും ഒരേസമയം ഈ പീഡനം നടന്ന കോൺവെന്റിൽ ഉണ്ടായിരുന്നു എന്ന് വ്യക്തമായി തെളിഞ്ഞെങ്കിൽ മാത്രമേ അറസ്റ്റിലേക്കു കടക്കൂ എന്നാണ് ഐ.ജി നൽകുന്ന സൂചന. കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ച് പീഡനം നടന്ന സ്ഥലങ്ങളിൽ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന മൊഴികളും രജിസ്റ്റർ രേഖയും പോലീസിനു ലഭിച്ചിട്ടുണ്ട്. എന്നാൽ സഭയുമായി അടുത്തു നിൽക്കുന്ന കന്യാസ്ത്രീകളും പള്ളിയിലെയും മഠത്തിലെയും ജീവനക്കാരും മൊഴി മാറ്റാനുള്ള സാധ്യതയാണ് ഐ.ജി മുന്നോട്ടു വയ്ക്കുന്നത്. അത് മറികടക്കാൻ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് നിർദേശം. സി.സി.ടി.വി ദൃശ്യങ്ങൾ പോലെ കൃത്യമായ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. പിഴവുകൾ തിരുത്തി പുതുക്കിയ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചയാണ് അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്ന സമയം. അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ പൂർത്തിയാക്കി തിരികെ എത്തും.