തിരുവനന്തപുരം- ബി.ജെ.പി ഇത്തവണ വലിയ പ്രതീക്ഷയില്‍ ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഒരിക്കല്‍ രണ്ടാം സ്ഥാനത്തുവരെയെത്തിയതിന്റെ ആത്മവിശ്വാസമുണ്ട് അവര്‍ക്ക്. 2024 പൊതുതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശശി തരൂര്‍ തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. വിശ്വപൗരന്‍ ഇമേജുമായി നാലാം തവണ പൊരുതാനെത്തുന്ന തരൂരിനെ നേരിടാന്‍ ഇടതുമുന്നണി കളത്തിലിറക്കുന്നത് ഒരിക്കല്‍ ഇവിടെനിന്ന് വിജയിച്ചിട്ടുള്ള പന്ന്യന്‍ രവീന്ദ്രനെയാണ്. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി ആരാകുമെന്നതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോഡി മുതല്‍ നിരവധി നേതാക്കളുടെ പേരുകളാണ് ബി.ജെ.പിയില്‍ പറഞ്ഞുകേട്ടത്. തൃശൂരിലേക്ക് ഉഴിഞ്ഞുവെച്ചിരിക്കുന്ന സുരേഷ് ഗോപിയെ തലസ്ഥാനത്താണ് ഇറക്കുക എന്നും കേട്ടു. ധനമന്ത്രി നിര്‍മല സീതാരാമന്‍, വിദേശ മന്ത്രി എസ് ജയ്ശങ്കര്‍, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരന്‍ എന്നിവരുടെ പേരുകളുമുണ്ട്. തരൂരിന്റെ നിലക്കൊത്ത സ്ഥാനാര്‍ഥിയെയാണ് ബി.ജെ.പി തപ്പുന്നത്. രാജീവ് ചന്ദ്രശഖരന്റെ പേര് ഏതാണ്ടൊക്കെ തറപ്പിച്ചു പറഞ്ഞതാണെങ്കിലും അദ്ദേഹത്തിന് ബംഗളൂരു ആണ് താല്‍പര്യമത്രെ. ഏറ്റവുമൊടുവില്‍ കേള്‍ക്കുന്നത് നടി ശോഭന തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ്.
ബി.ജെ.പിയില്‍നിന്നോ ശോഭനയില്‍നിന്നോ ഇതിന് സ്ഥിരീകരണമൊന്നുമില്ല. കുറച്ചുനാളായി ബി.ജെ.പിയോട് അവര്‍ അടുപ്പം പുലര്‍ത്തുന്നുണ്ട്. തൃശൂരില്‍ പ്രധാനമന്ത്രി മോഡിയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച വനിതാ റാലിയില്‍ അവര്‍ പങ്കെടുക്കുകയും ചെയ്തു. ഇതൊക്കെയാണ് ശോഭനയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം.
തിരുവനന്തപുരത്ത് മത്സരിക്കുന്നില്ലെന്ന് ശോഭന തന്നെ ഫോണില്‍ അറിയിച്ചതായി ശശി തരൂര്‍
തൃശൂര്‍ - തിരുവനന്തപുരം ലോക്‌സഭ സീറ്റില്‍ ബിജെപിക്ക് നിരവധി പേരുകള്‍ ഉയരുന്നത് നിരാശയില്‍ നിന്നെന്ന് ശശി തരൂര്‍ എംപി പറഞ്ഞു.ശോഭന സുഹൃത്താണ്.മത്സരിക്കില്ലെന്ന് ഫോണില്‍ തന്നെ അറിയിച്ചു. തിരുവനന്തപുരത്ത് എതിരാളികളെ വിലകുറച്ച് കാണുന്നില്ല. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ തീരുമാനമായില്ല. ഒന്നില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് ശരിയല്ല. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസിനെതിരെ സിപിഐ മത്സരിക്കരുതെന്നും തരൂര്‍ പറഞ്ഞു.