Sorry, you need to enable JavaScript to visit this website.

പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്രന് പാര്‍ട്ടി ചിഹ്നം... സി.പി.ഐക്ക് അതൃപ്തി

പൊന്നാനി - ഇടതുമുന്നണിയില്‍ സീറ്റ് 'പിടിച്ചെടുത്ത' അന്നുമുതല്‍ സി.പി.എമ്മിന്റെ പരീക്ഷണശാലയാണ് പൊന്നാനി. പൊതുസ്വതന്ത്രരെ കളത്തിലിറക്കി മണ്ഡലം പിടിക്കാനായിരുന്നു ശ്രമം. മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ പയറ്റിയ ആ പരീക്ഷണം ഇതുവരെ ജയം കണ്ടിട്ടില്ല. എങ്കിലും മുസ്‌ലിം ലീഗിനെതിരേ കട്ടയ്ക്കുനിന്നു പോരാടാന്‍ കഴിഞ്ഞു. ഇക്കുറിയും സ്വതന്ത്ര പരീക്ഷണം തുടരാനാണ് സി.പി.എം ആദ്യം തീരുമാനിച്ചതെങ്കിലും ഔദ്യോഗിക ചിഹ്നം വേണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആവശ്യം ഉയര്‍ന്നതോടെ നേതൃത്വം വഴങ്ങുകയായിരുന്നു.
കാലങ്ങളായി സി.പി.ഐ മത്സരിച്ചുവന്ന പൊന്നാനി, സ്വതന്ത്രരെ ഇറക്കി പിടിക്കാമെന്ന പ്രതീക്ഷയില്‍ 2009ലാണ് സി.പി.എം ഏറ്റെടുത്തത്. പിന്നീട് മൂന്നു തിരഞ്ഞെടുപ്പുകളിലും മത്സരിപ്പിച്ചത് സ്വതന്ത്രരെ. സ്വതന്ത്ര ചിഹ്നത്തില്‍  മുന്നണി വോട്ടുകള്‍ക്കൊപ്പം പരമാവധി പൊതു വോട്ടുകള്‍ എന്നതായിരുന്നു തന്ത്രം. മണ്ഡലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) പരമ്പരാഗത തന്ത്രം പൊളിച്ചെഴുതി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നതിലാണ് സി.പി.ഐ യിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുള്ളത്. കൂടാതെ സി.പി.ഐ കൈവശം വെച്ചിരുന്ന സീറ്റ് സി.പി.എം ഏറ്റെടുത്തതിലുള്ള അതൃപ്തിയും സി.പി ഐക്കകത്തുണ്ട്.

 

Latest News