ജിദ്ദ- മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ഈ മാസാവസാനം മുതൽ വാണിജ്യാടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കും. ഇതിനുള്ള അവസാന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജിദ്ദ, മക്ക റെയിൽവേ സ്റ്റേഷനുകൾ ഗതാഗത മന്ത്രി ഡോ.നബീൽ അൽ ആമൂദി സന്ദർശിച്ചു. ജിദ്ദ സുലൈമാനിയ സ്റ്റേഷൻ സന്ദർശിച്ച മന്ത്രി ട്രെയിനിൽ മക്കയിലേക്ക് യാത്ര ചെയ്തു. മക്ക സ്റ്റേഷൻ സന്ദർശിച്ച് മന്ത്രി ട്രെയിനിൽ തന്നെ ജിദ്ദയിലേക്ക് മടങ്ങി. പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ.റുമൈഹ് അൽറുമൈഹ്, സൗദി റെയിൽവേ കമ്പനി സി.ഇ.ഒ ഡോ.ബശാർ അൽമാലിക് എന്നിവർ മന്ത്രിയെ അനുഗമിച്ചു. ഹറമൈൻ ട്രെയിൻ സ്റ്റേഷനുകളിൽ സ്വകാര്യ കമ്പനികളും വ്യക്തികളും 100 ലേറെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കും.
ജിദ്ദ സുലൈമാനിയയിൽ 4,61,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള റെയിൽവേ സ്റ്റേഷനിൽ 600 പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കുന്നതിന് വിശാലമായ മസ്ജിദും സിവിൽ ഡിഫൻസ് കേന്ദ്രവും ഹെലിപാഡും എട്ടു പ്ലാറ്റ്‌ഫോമുകളും 6,000 കാറുകൾ നിർത്തിയിടാൻ പര്യാപ്തമായ വിശാലമായ പാർക്കിംഗും മറ്റു അനുബന്ധ സൗകര്യങ്ങളുമുണ്ട്. മക്ക റസീഫ റെയിൽവേ സ്റ്റേഷന് 5,03,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. ഇവിടെയും 600 പേർക്ക് ഒരേസമയം നമസ്‌കാരം നിർവഹിക്കാൻ വിശാലമായ മസ്ജിദും സിവിൽ ഡിഫൻസ് കേന്ദ്രവും ഹെലിപാഡും പത്തു പ്ലാറ്റ്‌ഫോമുകളും 5,000 കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗും മറ്റു സൗകര്യങ്ങളുമുണ്ട്. വിശുദ്ധ ഹറമിൽ നിന്ന് നാലു കിലോമീറ്റർ ദൂരെ അൽറസീഫ ഡിസ്ട്രിക്ടിലാണ് മക്കയിൽ റെയിൽവേ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.
ഹജ്, ഉംറ തീർഥാടകരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഹറമൈൻ ട്രെയിൻ പദ്ധതിയിൽ മാസങ്ങൾക്കു മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. പദ്ധതിയിൽ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണുള്ളത്. മക്ക, മദീന, റാബിഗ്, ജിദ്ദ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. ജിദ്ദയിൽ സുലൈമാനിയയിലെ പ്രധാന റെയിൽവേ സ്റ്റേഷന് പുറമെ പുതിയ ജിദ്ദ എയർപോർട്ടിലും റെയിൽവേ സ്റ്റേഷനുണ്ടാകും. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിൽ ഒന്നാണ് ഹറമൈൻ ട്രെയിൻ പദ്ധതി. പദ്ധതിക്ക് 6,700 കോടി റിയാലോളമാണ് ചെലവ് കണക്കാക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവ് കൂടാതെയാണിത്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗതയുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക. ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമുണ്ടാകും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ട് ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.