Sorry, you need to enable JavaScript to visit this website.

അമ്മു അമ്മ- ശിഹാബ് വധക്കേസില്‍ സി. പി. എം പ്രവര്‍ത്തകന് ജീവപര്യന്തം കഠിന തടവും 1,20000  രൂപ പിഴയും

തലശ്ശേരി- തില്ലങ്കരിയിലെ കരിയില്‍ അമ്മുക്കുട്ടി അമ്മ, ജീപ്പ് ഡ്രൈവര്‍ ശിഹാബ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മുങ്ങി നടന്ന സി. പി. എം പ്രവര്‍ത്തകനായ ഒന്നാം പ്രതിക്ക്  ജീവപര്യന്തം കഠിന തടവും പിഴയും. മട്ടന്നൂര്‍ നടുവനാട്ടെ ഹസീന മന്‍സിസില്‍ പുതിയ പുരയില്‍ മുരിക്കഞ്ചേരി അര്‍ഷാദി(43)നെയാണ് ജീവപര്യന്തം തടവിനും 1,20000 രൂപ പിഴയടക്കാനും തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജ് കെ. ടി നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്. 

കൊലപാതക കുറ്റമായ 302 വകുപ്പ് പ്രകാരം  പ്രതിയെ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. 324 റെഡ് വിത്ത് 34 വകുപ്പ് പ്രകാരം പ്രതി ഒരു വര്‍ഷം തടവും 10,000 രൂപയും പിഴയടക്കുകയും വേണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 27(1) വകുപ്പ് പ്രകാരം പ്രതി മൂന്ന് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമൊടുക്കണം. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷക്ക് വിധേയനാകണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. 

2002 മെയ് അഞ്ചിന് നടന്ന കൊലപാതക കേസില്‍ കോടതിയില്‍ നിന്നും ജാമ്യമെടുത്ത് പോയ ശേഷം കേസിലെ ഒന്നാം പ്രതിയായ അര്‍ഷാദ് വിചാരണ വേളയില്‍ മുങ്ങി നടക്കുകയായിരുന്നു. തുടര്‍ന്ന് വിചാരണ കോടതി പ്രതിയുടെ പേരിലുള്ള കേസ് മാറ്റിവെച്ച ശേഷം മറ്റ് പ്രതികളുടെ പേരിലുള്ള കേസ് വിചാരണ നടത്തി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ തലേദിവസം ബി. ജെ. പി. പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരിയിലെ ചോടോന്‍ ഉത്തമനെ സി. പി. എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നു. ഉത്തമന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് കെ. ഇ. സെഡ് 455 ജീപ്പില്‍ മടങ്ങി വീടുകളിലേക്ക് പോവുമ്പോള്‍ സി. പി. എം പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിയുകയായിരുന്നു. ബോംബെ് ജീപ്പിന് മേലെ പതിച്ചതിനെ തുടര്‍ന്ന് ജീപ്പ് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയും ചെയ്തു. ജീപ്പ് ഡ്രൈവറായ ശിഹാബും (28) യാത്രക്കാരിയായ കരിയില്‍ അമ്മുക്കുട്ടി അമ്മ (70)യും സംഭവത്തില്‍  കൊല്ലപ്പെട്ടുവെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. 

കേസിലെ മറ്റ് പ്രതികളായ വയലാളി ഗിരീശന്‍, പി. മനോജ്, എം. പി നയരാജ്, എം. ദിലീപ് തുടങ്ങി 24 പ്രതികളെ 2011 ഏപ്രില്‍ 18ന് അന്നത്തെ ജില്ലാ സെഷന്‍സ് ജഡ്ജ് ആയിരുന്ന തുളസീഭായി ജീവ പര്യന്തം തടവിനും പിഴയടക്കാനും ശിക്ഷിച്ചിരുന്നു.

Latest News