തൃശൂർ - 17-കാരിയോട് ലൈംഗികാതിക്രമം നടത്തിയ ചൂണ്ടൽ സ്വദേശിക്ക് 10 വർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കുന്നംകുളം ചൂണ്ടൽ സ്വദേശി ചൂണ്ടപുരക്കൽ മനോജിനെ (49) ആണ് കുന്നംകുളം ഫാസ്റ്റ്ട്രാക് സ്‌പെഷൽ കോടതി ശിക്ഷിച്ചത്. ഒരു ലക്ഷം രൂപ പ്രതി ഇരക്ക് നൽകണം.
2020-ലാണ് കേസിനാസ്പദമായ സംഭവം. ട്രാക്ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞുകഴിയുകയായിരുന്നു. ഇതിനിടയിലാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു. കുന്നംകുളം പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന വി ഹേമലേത കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും കുന്നംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ടി.സി അനുരാജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രവും സമർപ്പിച്ചു.
16 സാക്ഷികളെ വിസ്തരിക്കുകയും നിരവധി രേഖകളും മറ്റു തെളിവുകളും പരിശോധിച്ചാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. അശ്വതി, അഡ്വ. രഞ്ജിക കെ ചന്ദ്രൻ എന്നിവരും കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പ്രശോബും പ്രവർത്തിച്ചു.