മലപ്പുറം - സ്‌കൂളിലെ സെന്റ് ഓഫ് പരിപാടിക്കിടെ കോമ്പൗണ്ടിൽ അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
അഞ്ച് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തു. അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയതിന് കേസെടുത്തു. ഓഡി എ ഫോർ, ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര താർ തുടങ്ങിയ വാഹനങ്ങളിലായിരുന്നു അഭ്യാസപ്രകടനം. കൂട്ടത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയ മഹീന്ദ്ര ജീപ്പിന് 38,000 രൂപ പിഴ ഈടാക്കി. സെന്റ് ഓഫിനിടെ അനുവാദമില്ലാതെയാണ് സ്‌കൂൾ കോമ്പൗണ്ടിൽ വാഹനങ്ങൾ കയറ്റിയത്. ഇവ ഓടിച്ചവരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി തുടങ്ങിയതായും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്‌കൂൾ അധികൃതരുടെയും നാട്ടുകാരുടെയും പരാതിയിലാണ് നടപടി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീർ പറഞ്ഞു.