ന്യൂഡൽഹി - ആർ.ബി.ഐ മൂക്കുകയറിട്ടതിനു പിന്നാലെയുള്ള പ്രതിസന്ധികൾക്കിടെ പേ.ടിഎം പെയ്മെന്റ്സ് ബാങ്കിന്റെ സ്ഥാപകനും നോൺ എക്സിക്യൂട്ടീവ് ചെയർമാനും ബോർഡ് അംഗവുമായ വിജയ് ശേഖർ ശർമ്മ രാജിവച്ചു. ബോർഡിൽ നിന്നുള്ള തന്റെ രാജിയും സ്വതന്ത്ര ഡയറക്ടർമാരുടെ നിയമനവും സുഗമമായ പരിവർത്തനം സാധ്യമാക്കുന്നതിനും ഭരണഘടന മെച്ചപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ നടപടികളാണെന്നാണ് രാജിക്കു കാരണമായി ശർമ്മ പറയുന്നത്.
പേടിഎമ്മിൽ ശർമ്മയ്ക്ക് 51 ശതമാനം ഓഹരിയാണുള്ളത്. പേടിഎമ്മിനെ അതിന്റെ പേയ്മെന്റ് ബാങ്ക് യൂണിറ്റിൽ നിന്ന് വേർപ്പെടുത്തി ഒരു സ്വതന്ത്ര സ്ഥാപനമായി സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നും റിപോർട്ടുകളുണ്ട്. മാർച്ച് 15-നകം പേയ്മെന്റ് ബാങ്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആർ.ബി.ഐ ഉത്തരവിന് പിന്നാലെയുള്ള ഈ രാജി പേടിഎമ്മിൽ പുതിയ വെല്ലുവിളി ഉയർത്തുമെന്നും റിപോർട്ടുകളുണ്ട്.
രാജ്യത്ത് കോടിക്കണക്കിന് ഉപയോക്താക്കളുള്ള യു.പി.ഐ ആപ്പാണ് പേടിഎം. ഈ പേയ്മെന്റ്സ് ബാങ്കിന് മേൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ഈയിടെയാണ് റിസർവ് ബാങ്ക് ഉത്തരവിറക്കിയത്. ഫെബ്രുവരി 29 മുതൽ പുതിയ ഉപഭോക്താക്കളെ ചേർക്കരുത്. പേടിഎം ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ലെന്നടക്കം ആർ.ബി.ഐ നിർദേശിച്ചിട്ടുണ്ട്. ആർ.ബി.ഐ തീരുമാനം ഓഹരി വിപണിയിൽ പേടിഎമ്മിന് കോടികളുടെ ഇടിവാണുണ്ടാക്കിയത്. അതിനിടെയാണ് സ്ഥാപനത്തിന് പ്രതീക്ഷ നൽകിയ സ്ഥാപക ചെയർമാന്റെ രാജി. ഇത് കുരുക്ക് അഴിക്കുമോ അതോ പ്രതിസന്ധികളിൽനിന്ന് കൂടുതൽ പ്രതിസന്ധികളിലേക്ക് പേടിഎമ്മിനെയും ഉപയോക്താക്കളെയും നയിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.