എടക്കര-മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേര്‍ മരിച്ചു. എടക്കര പഞ്ചായത്തിലെ പൊട്ടന്‍തരിപ്പ പുത്തന്‍വാരിയത്ത് (സാരംഗി) സജിത്ത് (47), പോത്തുകല്‍ സ്വദേശി പുളിക്കത്തറ മാത്യു ഏബ്രഹാം എന്ന പൊന്നച്ചന്‍
(61) എന്നിവരാണ് മരിച്ചത്. സജിത്ത് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയിലും പൊന്നച്ചന്‍ തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഒന്നരമാസമായി പോത്തുകല്‍ പഞ്ചായത്തില്‍ മഞ്ഞപ്പിത്തം നിയന്ത്രണാതീതമായി
പടര്‍ന്നു പിടിച്ചിരിക്കുകയാണ്. നൂറോളം പേര്‍ക്കാണ് പോത്തുകല്‍ പഞ്ചായത്തില്‍ മാത്രം മഞ്ഞപ്പിത്തം ബാധിച്ചിട്ടുള്ളത്. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസമായി പോത്തുകല്ലിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവ പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് സജിത്തിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാല് ദിവസത്തെ ചികിത്സക്ക് ശേഷം ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലലേക്കും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് ചികിത്സയിലിരിക്കെ സജിത്ത് മരണപ്പെട്ടത്. തിരുവാലി കിടങ്ങഴി പടിഞ്ഞാറെ വാരിയത്ത് സുകുമാര വാര്യരുടെയും തിരുവാലി ആല്‍പേറ്റില്‍ പുത്തന്‍ വാരിയത്ത് വിലാസിനി വാരസ്യാരുടെയും മകനാണ് സജിത്ത്. ഭാര്യ ബിന്ദു (നന്ദിനി). മക്കള്‍: മിഥുന്‍ കൃഷ്ണ, രോഹിത് കൃഷ്ണ. സഹോദരിമാര്‍: സുചിത്ര, സുജയ.
മാത്യു ഏബ്രഹാം കഴിഞ്ഞ 22 നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. രണ്ടുകേസുകളിലും സംശയകരമായ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു എന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ വിശദീകരണം.