Sorry, you need to enable JavaScript to visit this website.

ബൽറാമിന് മുസ്ലിം ലീഗിനോട് എന്താണ് വിരോധം

ഴിഞ്ഞ ദിവസം മാതൃഭൂമി ചാനൽ നടത്തിയ വാർത്താ ചർച്ചയിൽ ലീഗ് നിരീക്ഷകനായി പങ്കെടുത്ത ഇഖ്ബാൽ വാവാട് ആരാണ് എന്ന് ചോദിച്ച് കോൺഗ്രസ് വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മുസ്ലിം ലീഗിന് ലോക്‌സഭയിലേക്ക് മൂന്നു സീറ്റെങ്കിലും വേണമെന്ന ആവശ്യം ചർച്ചയിൽ ഉന്നയിച്ച ഇഖ്ബാൽ വാവാടിനെ ലീഗ് നിരീക്ഷകൻ എന്ന പേരിൽ വിശേഷിപ്പിച്ചതാണ് ബൽറാമിനെ പ്രകോപിപ്പിച്ചത്. ബൽറാം പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ വൻ പ്രതിഷേധം ലീഗ് അണികൾ ഉയർത്തുകയും ചെയ്തു. 

മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എം.എസ്.എഫിന്റെ ദൽഹിയിലെ ജവർഹർ ലാൽ നെഹ്‌റു സർവ്വകലാശാലയിലെ യൂണിറ്റ് മുൻ ജനറൽ സെക്രട്ടറിയാണ് ഇഖ്ബാൽ വാവാട്. ജെ.എൻ.യു എം.എസ്.എഫിന്റെ കീഴിലുള്ള ബാഫഖി സ്റ്റഡി സർക്കിളിന്റെ കൺവീനർ ആയിരുന്ന ഇഖ്ബാൽ വാവാട്, മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനും ഗവേഷകനും ചിന്തകനും നിരീക്ഷകനും ആണ്. ഇദ്ദേഹത്തെയാണ് ഇദ്ദേഹം ആരാണ് എന്ന രീതിയിൽ ബൽറാം വിശേഷിപ്പിച്ചത്.

മുസ്ലിം ലീഗിന്റെ അണികൾക്ക് കോൺഗ്രസ് നിലവിൽ സ്വീകരിക്കുന്ന സമീപനത്തിൽ കനത്ത പ്രതിഷേധമുണ്ട്. ലോക്‌സഭയിലേക്ക് മൂന്നാമതൊരു സീറ്റ് എന്നത് കാലങ്ങളായി ലീഗ് മുന്നോട്ടുവെക്കുന്ന ആവശ്യമാണ്. എന്നാൽ, രാജ്യസഭയിലേക്ക് ഒരു സീറ്റ് കൂടി നൽകാമെന്ന വാഗ്ദാനമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഇലക്ടറൽ പൊളിറ്റിക്‌സിൽ കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് ലീഗിന്റെ ആവശ്യം. രാജ്യസഭയിൽ ലീഗിന് നേരത്തെ തന്നെ രണ്ടു സീറ്റുകളുണ്ടായിരുന്നു. എ.കെ ആന്റണിക്ക് വേണ്ടിയാണ് അന്ന് ലീഗ് ആ സീറ്റ് ഉപേക്ഷിച്ചത്. അത് തിരിച്ചുകൊടുക്കുന്നതിൽ ഒരു കാര്യവുമില്ലെന്നും മൂന്നു ലോക്‌സഭ സീറ്റ് എന്ന ആവശ്യത്തിലാണ് ലീഗ് ഊന്നൽ നൽകുന്നത്. എന്നാൽ, മൂന്നാമതൊരു ലോക്‌സഭ സീറ്റ് ഈ തെരഞ്ഞെടുപ്പിലും ലീഗിന് കോൺഗ്രസ് അനുവദിക്കില്ല. മൂന്നാം സീറ്റ് എന്ന ആവശ്യം ലീഗ് ഉയർത്തുന്നത് തന്നെ കോൺഗ്രസിന് സഹിക്കാനാകുന്നില്ല എന്നതാണ് ബൽറാമിന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. 

ലീഗ് അനുകൂല ഹാൻഡിലുകളിൽനിന്ന് നിരവധി പേരാണ് ബൽറാമിന് എതിരെ രംഗത്തെത്തിയത്. മുസ്ലിം ലീഗുമായി അടുത്ത ബന്ധമുള്ള കോൺഗ്രസ് നേതാവാണ് ബൽറാം. ലീഗിന്റെ യുവനേതാക്കളുമായി അദ്ദേഹത്തിന് ഉറ്റസൗഹൃദവുമുണ്ട്. ബൽറാമിന്റെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള പ്രസ്താവന വന്നതാണ് ലീഗ് പ്രവർത്തകരെ കൂടുതൽ ചൊടിപ്പിച്ചത്. 

ബൽറാമിന്റെ പ്രസ്താവന സംബന്ധിച്ച് നിഷാൻ പരപ്പനങ്ങാടി എഴുതിയ കുറിപ്പ്: 
 
സംസാരിക്കുന്ന ആൾക്ക് മാതൃഭൂമി നൽകിയ ശീർഷകം ആയിരിക്കും ലീഗ് നിരീക്ഷകൻ എന്നത്. പക്ഷേ, വാദം പ്രതിരോധിക്കാതെ വാദിയെ പ്രതിരോധിക്കുന്ന ബൽറാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ രീതി ശരിയല്ല. ലീഗിന്റെ മൂന്നാം സീറ്റിനുള്ള ആവശ്യം ലീഗ് നേതാക്കൾ തന്നെ പരസ്യമായി പറഞ്ഞതും അർഹത സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ പ്രസ്താവനകൾ നടത്തിയതുമാണ്. 
എന്നിട്ടും അത് നീണ്ടുപോകുമ്പോൾ ചർച്ചകൾ ഉണ്ടാവുകയും അനുബന്ധ വിശദാംശങ്ങൾ കൃത്യമായ കണക്കുകളുടെ ബലത്തിൽ ആരെങ്കിലും പറയുകയും സ്വാഭാവികമാണല്ലോ. അതാണ് ഇഖ്ബാലും ചെയ്തത്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്നതല്ല, പാർട്ടിക്ക് വേണ്ടിയുള്ള വാദങ്ങളാണ് അദ്ദേഹമുയർത്തിയത്. അതിലപ്പുറം ഒന്നുമില്ല. കോൺഗ്രസ് നേതാക്കൾക്ക് നേരിട്ട് മുഖം നൽകി അഭിപ്രായം പറയാൻ സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ കോൺഗ്രസ് സഹയാത്രികർ വന്നു സംസാരിക്കുന്നത് അവരുടെ നേതാക്കൾ തന്നെ ആരെങ്കിലും വന്നു കൗണ്ടർ ചെയ്യുന്നത് കാണാറുണ്ടോ? തലക്കെട്ട് നോക്കി കയ്യൊഴിയുന്ന സാഹചര്യം ലീഗുകാരിൽ നിന്നെങ്കിലും ഇല്ലാതിരിക്കട്ടെ എന്നും ആശിക്കുന്നു.
കോൺഗ്രസിനും ലീഗിനും യു.ഡി.എഫിനും പരിക്കില്ലാതെ, സാമുദായിക സന്തുലിതത്വത്തിന്റെ അനാവശ്യ ചർച്ചകളിലേക്ക് വഴിതിരിക്കാൻ സമയം നൽകാതെ, എന്നാൽ ലീഗിന് അർഹതപ്പെട്ടത് ലഭിക്കാൻ ഇനിയും കാത്ത് നിൽക്കേണ്ടി വരാതെ, എല്ലാം എത്രയും പെട്ടെന്ന് രമ്യമായി പരിഹാര്യമാവട്ടെ എന്നാഗ്രഹിക്കുന്നു.


 

Latest News