Sorry, you need to enable JavaScript to visit this website.

കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച് എം. വി ബാലകൃഷ്ണന്റെ പ്രചാരണം 

കാസര്‍കോട്- പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍. ഡി. എഫ് സ്ഥാനാര്‍ഥി എം. വി  ബാലകൃഷ്ണന്‍ വോട്ട് അഭ്യര്‍ഥിക്കുന്നതിനായുള്ള പര്യടനത്തിന് ചൊവ്വാഴ്ച തുടക്കം കുറിക്കും. 
ബ്രിട്ടീഷ് സാമാജ്യത്ത്വത്തിനും നാഴുവാഴിത്തത്തിനും എതിരായ ചെറുത്തുനില്‍പ്പില്‍ വിദേശ ഭരണം തൂക്കിലേറ്റിയ അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മൃതി മണ്ഡപത്തില്‍ പകല്‍ 11.15ന് പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്.

സി. പി. എം സംസ്ഥാന സെക്രട്ടറിയേറ്റും ഇടതുമുന്നണിയും അംഗീകരിച്ച പട്ടികയില്‍ നിന്ന് കാസര്‍കോട്ട് ലോകസഭാ സ്ഥാനാര്‍ഥിയായി എം. വി ബാലകൃഷ്ണന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ലിസ്റ്റ്  തിരുവനന്തപുരത്ത് പുറത്തുവിടും.

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ്  സ്ഥാനാര്‍ഥിയുടെ പര്യടനം ആരംഭിക്കുന്നത്. സി. പി. എം കാസര്‍കോട് ജില്ലാ സെക്രട്ടറിയാണ് നിലവില്‍ എം. വി. ബാലകൃഷ്ണന്‍. രണ്ടുതവണയായി സി. പി. എം ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം അധ്യാപക ജോലി രാജിവച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായ നേതാവാണ്.

പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കിയും ബഹുജന സമരങ്ങളില്‍ നേതൃത്വം വഹിച്ചും ഉന്നത നേതൃത്വത്തില്‍ എത്തിയതാണ് എം. വി. ബാലകൃഷ്ണന്‍. പ്രതിസന്ധി ഘട്ടങ്ങളെ ചെറുത്ത് തോല്‍പ്പിച്ച് ഒരു ചരടില്‍ കോര്‍ത്ത പോലെ പാര്‍ട്ടിയെ കാസര്‍കോട്ട് നയിച്ചിട്ടുണ്ട് എം. വി ബാലകൃഷ്ണന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് അടക്കം ജനപ്രതിനിധി എന്ന നിലയില്‍ ശോഭിച്ചിട്ടുള്ള ഇദ്ദേഹത്തിന് മികച്ച പാര്‍ലമെന്റെറിയാന്‍ ആകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കുന്നത്. 

ചൊവ്വാഴ്ച രാവിലെ കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് ശേഷം ചീമേനി, പാടിച്ചാലിലെ മുനയന്‍കുന്ന്, കോറോം, പെരളം, കരിവെള്ളൂര്‍ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന്  കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും വ്യക്തികളെ നേരില്‍ കണ്ടും വോട്ടഭ്യര്‍ഥിക്കും. 

Latest News