കണ്ണൂര്‍- ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ ഹരിതം ചെറുതാഴം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയലപ്ര പരപ്പില്‍ കണ്ടല്‍ തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. വേനലും ചൂടും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
വയലപ്ര പരപ്പ് കണ്ടല്‍ സമൃദ്ധമാക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, എസ് ബി ഐ ഫൗണ്ടേഷന്‍, ഹരിതകേരള മിഷന്‍, രാമപുരം വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാന്തന്‍കണ്ടല്‍ എഴുത്താണികണ്ടല്‍ പേനകണ്ടല്‍ എന്നീ വിഭാഗത്തില്‍പ്പെട്ട 15000 കണ്ടലുകളാണ് നടുന്നത്. തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വായനശാല പ്രവര്‍ത്തകര്‍, കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കുക.
പഞ്ചായത്തിലെ കണ്ടല്‍ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുക വഴി പുഴയോരത്തെ കരയിടിച്ചില്‍ തടയുക, പുഴയിലെ മത്സ്യ ലഭ്യത വര്‍ധിപ്പിക്കുക, ഉപ്പു വെള്ളം കയറുന്നത് തടയുക, പുഴയെ ശുദ്ധീകരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
വയലപ്ര പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ട് മേധാവി എം. രമിത്ത് മുഖ്യാതിഥിയായി.
ഹരിതകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ. കെ. സോമശേഖരന്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് തൊഴിലുറപ്പ് അക്രെഡിറ്റഡ് എഞ്ചിനീയര്‍ കെ. സി. വിപിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. പി രോഹിണി, സ്ഥിരം സമിതി അധ്യക്ഷരായ ടി. വി ഉണ്ണികൃഷ്ണന്‍, പി. പി അംബുജാക്ഷന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എം. ശോഭ, ജോയിന്റ് ബി. ഡി. ഒ. ഷുക്കൂര്‍, പഞ്ചായത്ത് സെക്രട്ടറി കെ. ശിവദാസന്‍, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ എം. വി രാജീവന്‍, പിലാത്തറ കോ ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഡയറക്ടര്‍ ഐ. വി. ശിവരാമന്‍, രാമപുരം വായനശാല പ്രസിഡണ്ട് വി. രമേശന്‍, കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ സിന്ധു പടോളി, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫീല്‍ഡ് ഓഫീസര്‍ എന്‍. വി. വിമല്‍ ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്തിനെ ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താക്കി മാറ്റാനുള്ള കൂട്ടായ ശ്രമത്തിന്റെ ആദ്യ പടിയാണ് പദ്ധതിയെന്ന് പ്രസിഡണ്ട് എം. ശ്രീധരന്‍ പറഞ്ഞു.