പുല്‍പള്ളി-വയനാട്ടിലെ പുല്‍പള്ളിക്കടുത്ത് വടാനക്കവലയില്‍ കൂട്ടിലായ കടുവയെ സുല്‍ത്താന്‍ ബത്തേരി പച്ചാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്ക് മാറ്റി. വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കടുവ. വെറ്ററിനറി ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് എക്പേര്‍ട്ട് കമ്മിറ്റി വിലയിരുത്തും. റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കടുവയുടെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ എ.ഷജ്ന കരീം പറഞ്ഞു. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ആഴ്ചകളായി ചുറ്റിത്തിരിയുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്ത കടുവയാണ് ഇന്നു രാവിലെ പത്തോടെ കൂട്ടിലായത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായതനുസരിച്ച് വനസേന സ്ഥാപിച്ചതാണ് കൂട്. പലയിടങ്ങളിലായി മൂന്ന് കൂട് സ്ഥാപിച്ചിട്ടും പിടിയിലാകാത്തതിനെത്തുടര്‍ന്ന് കടുവയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായിരുന്നു. മയക്കുവെടിവെച്ച് പിടിക്കുന്ന കടുവയെ മതിയായ പരിചരണം നല്‍കിയശേഷം വനത്തില്‍ മോചിപ്പിക്കാണ് ഉത്തരവില്‍ നിര്‍ദേശം.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ നെയ്ക്കുപ്പയ്ക്കു സമീപം ഞായറാഴ്ച വൈകുന്നേരം കടുവ ആക്രമണത്തില്‍ പോത്ത് ചത്ത സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പോത്തിന്റെ ജഡവുമായി നെയ്ക്കുപ്പ ഫോറസ്റ്റ് ഓഫീസ് പരിസരത്ത് എത്തിയ നാട്ടുകാര്‍ പുല്‍പള്ളി-പനമരം റോഡ് ഉപരോധിച്ചു. വനം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താത്തതിനെത്തുടര്‍ന്ന് റോഡ് ഉപരോധം നടവയല്‍ ടൗണിലേക്ക് മാറ്റി. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് നടവയലിലെ വ്യാപാരികള്‍ വൈകുന്നേരം നാലു വരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
കടുവ ശല്യത്തിനു പരിഹാരം കാണുക, പോത്തിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റോഡ് ഉപരോധം. ജില്ലയില്‍ നൂല്‍പ്പുഴ കല്ലൂര്‍, പാമ്പ്ര പ്രദേശങ്ങളിലും കടുവ ശല്യമുണ്ട്. കടുവയെ പിടിക്കുന്നതിന് കല്ലൂരില്‍ കഴിഞ്ഞ ദിവസം കൂട് വെച്ചിട്ടുണ്ട്.