Sorry, you need to enable JavaScript to visit this website.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളെന്ന് കെ.സുരേന്ദ്രന്‍

തൃശൂര്‍ -  ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന എല്‍.ഡി.എഫ്  സ്ഥാനാര്‍ഥികളെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
ഒരു മൂലക്കിരുത്തപ്പെട്ടവര്‍ക്കാണ് ഇടതുമുന്നണി ഇത്തവണ സീറ്റുകൊടുത്തിരിക്കുന്നതെന്നും ഇവരെക്കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമുണ്ടാകാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജി.സുധാകരനുകൂടി സീറ്റു കൊടുക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് നേതാക്കളുടെ കഴിവുകേടിലാണ് പിണറായി വിജയന്റെയും എല്‍.ഡി.എഫിന്റെയും കണ്ണ്. യു.ഡി.എഫിന്റെ പിടിപ്പുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ ഒരു കൂട്ടരും ചെന്നിത്തലയെ മറുവിഭാഗവും മുഖ്യമന്ത്രി സ്ഥനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. മൈ ഡിയര്‍ എന്ന് സുധാകരന്‍ പറയുന്‌പോള്‍ മൈ ഡിയര്‍ ഡിയര്‍ എന്ന് സതീശന്‍ പറയുന്നു. മുന്നണിയും കേരളത്തിലെ ജനങ്ങളും എങ്ങിനെ ഇവരെ സഹിക്കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു.
എല്‍.ഡി.എഫിനെ പ്രതിരോധിക്കാനോ പിണറായിയുടെ അഴിമതിയെ എതിര്‍ക്കാനോ കെല്‍പ്പുള്ളവരല്ല യു.ഡി.എഫ്. സാന്പത്തികമായി വന്‍ കൊള്ള നടത്തിയ രാക്ഷസക്കൂട്ടമാണ് അധികാരത്തിലിരിക്കുന്നവരാണ് പിണറായിയും സംഘവുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ എണ്ണിപ്പറയാനുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബി.ജെ.പി പദയാത്രയില്‍ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്നും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. തൃശൂരിലെത്തിയ ജാഥയില്‍ പങ്കെടുക്കാന്‍ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയാണ്. അതില്‍ സുരേഷ് ഗോപി വേണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമുള്ളയിടങ്ങളില്‍ പങ്കെടുക്കേണ്ടവര്‍ എത്തും.
കോണ്‍ഗ്രസ് നയിക്കുന്ന ജാഥയില്‍ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേര്‍ നയിക്കുന്നത് കാണുന്നത്. കൊടകര കുഴല്‍ പണ കേസ് എന്ന പേരില്‍ തന്റെ പേരില്‍ ഒരു കേസുമില്ല. അതിനൊന്നും പിണറായി വിജയന്റെ സഹായവും വേണ്ട. ഈ കേസില്‍ പിണറായിയുമായി ഒത്തുതീര്‍പ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. പത്തനംതിട്ടയില്‍ പി.സി. ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ബി.ഡി.ജെ.എസ് എതിര്‍ക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള അധികാരം ബി.ജെ.പിക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News