പത്തനംതിട്ട- തിരുവല്ലയില്‍ ഒമ്പതാം ക്ലാസുകാരിയെ കടത്തിക്കൊണ്ടു പോയ മൂന്നംഗ സംഘത്തിന് ലഹരി മാഫിയ ബന്ധമെന്ന സംശയത്തിലാണ് പോലീസ്.
ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച് പറഞ്ഞു പ്രലോഭിപ്പിച്ച് ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തൃശൂര്‍ സ്വദേശികളായ മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടിയിലായ മൂവരെയും ഞായറാഴ്ച ഉച്ചയോടെ തിരുവല്ലയിലെത്തിച്ചു.
അന്തിക്കാട് സ്വദേശികളായ അതുല്‍, അജില്‍, ജയരാജ് എന്നിവരെയാണ് തിരുവല്ലയില്‍ എത്തിച്ചത്. ഇതില്‍ ജയരാജ് പ്രതികളെ സഹായിച്ചതിനാണ് അറസ്റ്റിലായത്.
തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തിയ പറഞ്ഞു പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോവുകയായിരുന്നു. സ്‌കൂള്‍ യൂണിഫോമില്‍ വന്ന കുട്ടി ബസ് സ്റ്റാന്‍ഡില്‍ കയറി അതുമാറി വേറെ വസ്ത്രം ധരിച്ചാണ് പ്രതികള്‍ക്കൊപ്പം പോയത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നത് അതുലിനാണ്. ഇയാള്‍ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പെണ്‍കുട്ടിയെ തിരുവല്ല പോലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. കെ. എസ്. ആര്‍. ടി. സി ബസില്‍ പോകും വഴി മൂവാറ്റുപുഴയില്‍ നിന്നും അതുലിനെ പോലീസ് പിടികൂടുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി അതുലുമായി സൗഹൃദത്തില്‍ ആയതെന്ന് പോലീസ് പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അതിവിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ വലയിലായത്. പിടിയിലായ പ്രതികള്‍ മൂവരും എം. ഡി. എം. എ അടക്കമുള്ള ലഹരി മാഫിയയുടെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
തിരുവല്ല ഡി. വൈ. എസ്. പി എസ്. അഷാദിന്റെ നിര്‍ദേശ പ്രകാരം എസ്. എച്ച്. ഒ ബി. കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്. ഐമാരായ വി. എസ് ശ്രീനാഥ്, എസ്. എസ് രാജീവ്, പി. എല്‍. വിഷ്ണു, സി. അലക്സ്, എ. എസ്. ഐ ജോജോ ജോസഫ്, സി. പി. ഒമാരായ അവിനാശ്, വിനീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.