Sorry, you need to enable JavaScript to visit this website.

മൂന്നാം സീറ്റില്‍ തട്ടി ഇടതുപക്ഷത്തിന് കോണിവെച്ചു കൊടുക്കരുതെന്ന് ലീഗിലെ ഒരു വിഭാഗം

കോഴിക്കോട് - മൂന്നാം സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദ്ദം ഇടതുപക്ഷത്തിന് ജയിച്ചുകയറാനുള്ള ഏണിയാകരുതെന്ന താക്കീതുമായി മുസ്ലിംലീഗിലെ ഒരു വിഭാഗം. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം വരും വര്‍ഷങ്ങളിലെ പഞ്ചായത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സൂചനയാകുമെന്നതിനാല്‍ യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കം അരുതെന്ന് ഇവര്‍ താക്കീത് നല്‍കുന്നു.
ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിലെ ചാമ്പ്യന്‍മാരെന്ന് അവകാശപ്പെട്ട് മുസ്ലിം വോട്ടുകളെ ലാക്കാക്കി സി.പി.എം തന്ത്രം മെനയുമ്പോള്‍ ഇപ്പോള്‍ ലീഗ് നേതൃത്വം മൂന്നാം സീറ്റിന് വേണ്ടി നടത്തുന്ന നീക്കങ്ങള്‍ പഴയ അഞ്ചാം മന്ത്രിവാദത്തിന്റെ അവസ്ഥ ഉണ്ടാക്കുമെന്ന് ഇവര്‍ പറയുന്നു. ലീഗിനെ യു.ഡി.എഫില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം ലീഗില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണിവരുടെ പക്ഷം. അവരാണ് കോണ്‍ഗ്രസുമായുള്ള ഭിന്നതക്ക് ആഴം കൂട്ടാന്‍ ശ്രമിക്കുന്നത്. ഒപ്പം തന്നെ ഒരു വിഭാഗം ലീഗിനെ യു.ഡി.എഫില്‍ ഉറപ്പിച്ചു നിര്‍ത്താനും സി.പി.എമ്മിനെ കടന്നാക്രമിക്കാനും ശ്രദ്ധിക്കുന്നു. കെ.എം. ഷാജി, എം.കെ. മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരാണ്  സി.പി.എമ്മിനെ കടന്നാക്രമിക്കുന്ന വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.
അര്‍ഹതയുണ്ടായിട്ടും ലീഗിന് സീറ്റ് കോണ്‍ഗ്രസ് നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ലീഗ് അനുഭാവികളായ മുസ്ലിംകളുടെ അനുഭാവം നേടാന്‍ സി.പി.എം ശ്രമിക്കുന്നുണ്ട്. ഏക സിവില്‍കോഡ്, ഫലസ്തീന്‍, രാമക്ഷേത്രം തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുസ്ലിംവിരുദ്ധരാണെന്ന് വരുത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഇതില്‍ പലപ്പോഴും മുസ്ലിംലീഗ് നേതൃത്വം വീണുപോകുകയും ചെയ്യുന്നുവെന്ന് വിലയിരുത്തുന്നവര്‍ ലീഗിലുണ്ട്.
മുസ്ലിംലീഗിന് മൂന്നു ലോക്സഭാ സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് പല തവണ മുന്നോട്ട് വന്നിട്ടുണ്ട്. 1991 ല്‍ വടകര മുസ്ലിംലീഗിന് അനുവദിച്ചതാണ്. അവിടെ ബി.ജെ.പിക്ക് കൂടി സ്വീകാര്യനായ അഡ്വ. രത്നസിംഗിനെ സ്വതന്ത്രനായി സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. 2009ലും വടകര ലീഗിന് നല്‍കിയിരുന്നു. ലീഗ് നേതൃത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെ നിര്‍ത്തണമെന്ന് നിര്‍ദേശിച്ചത്. കെ. മുരളീധരനെ വടകരയിലേക്ക് കൊണ്ടുവന്നതും മുസ്ലിംലീഗ് നേതൃത്വമാണ്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കൂടുതല്‍ ലോക്സഭാംഗങ്ങളുണ്ടായിരിക്കുകയെന്നിടത്താണ് അടുത്ത തെരഞ്ഞെടുപ്പിലെ  മതേതര ശക്തികളുടെ സാധ്യതയെന്ന് ലീഗിലെ ഈ വിഭാഗം വിലയിരുത്തുന്നു. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ കുറയ്ക്കുകയെന്ന അജണ്ട ദേശീയ തലത്തില്‍ ബി.ജെ.പിക്കുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ ബി.ജെ.പി.ക്ക് സി.പി.എം സ്വീകാര്യമാണ്.
ദീര്‍ഘകാലമായി രണ്ടു സീറ്റില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തുവരുന്ന മുസ്ലിംലീഗിന് മൂന്നാമതൊരാളെ കൂടി ലോക്സഭയില്‍ ലഭിച്ചതുകൊണ്ടു പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നിരിക്കെ മൂന്നാമതൊരു സീറ്റില്‍ മത്സരിക്കേണ്ടെന്ന നിലപാടാണ് ലീഗ് പൊതുവെ സ്വീകരിച്ചത്.
അതേസമയം രണ്ടിലധികം സീറ്റിനുള്ള ലീഗിന്റെ അവകാശം എന്നും കോണ്‍ഗ്രസിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ ലീഗ് ശ്രമിക്കുന്നതാണ്. ഇക്കുറിയും അതേ കോണ്‍ഗ്രസ് പ്രതീക്ഷിരുന്നുള്ളൂ. ലീഗിന്റെ അണികള്‍ക്കിടയില്‍ മൂന്നാമതൊരു സീറ്റ് ലഭിക്കണമെന്ന ആഗ്രഹം ശക്തിപ്പെട്ടിട്ടുണ്ട്. ഇതിനെ അഭിമുഖീകരിക്കേണ്ടിവരുന്നതാണ് സീറ്റിന് വേണ്ടിയുള്ള സമ്മര്‍ദം കൂട്ടുന്നതിന് കാരണം.

 

 

Latest News