അഹമ്മദാബാദ് - ഗുജറാത്തിലെ ദ്വാരക ക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കടലില്‍ മുങ്ങി പ്രാര്‍ത്ഥന നടത്തി. മുങ്ങല്‍ വിദഗ്ധരോടൊപ്പം കടലിനടിയില്‍ നിന്നുളള ചിത്രങ്ങളും മോഡി ' എക്‌സി ' ല്‍ പങ്കുവച്ചു. മയില്‍പീലിയുമായിട്ടായിരുന്നു മോഡി പ്രാര്‍ത്ഥന നടത്തിയത്. കടലില്‍ മുങ്ങിയ ശേഷം പ്രധാനമന്ത്രി ദ്വാരക ക്ഷേത്രത്തിലും ആരാധന നടത്തി. കടലില്‍ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താന്‍ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോഡി എക്‌സില്‍ കുറിച്ചു. ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന സുദര്‍ശന്‍ സേതു ഉദ്ഘാടനം അടക്കമുളള ചടങ്ങുകള്‍ക്കായി ഗുജറാത്തില്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് സുദര്‍ശന്‍ സേതു.